സ്വസ്തിക നിരോധിക്കാൻ കാനഡ; എതിർപ്പറിയിച്ച് ഇന്ത്യ

സ്വസ്തിക അടക്കമുള്ള വിദ്വേഷ ഉള്ളടക്കമുള്ള മുദ്രകൾ നിരോധിക്കാനുള്ള നീക്കത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ അപൂർവ ശ്രീവാസ്തവ കാനഡ സർക്കാരിനോട് ആശങ്ക രേഖപ്പെടുത്തി

Update: 2022-02-19 14:11 GMT
Editor : Shaheer | By : Web Desk
Advertising

സ്വസ്തിക അടക്കമുള്ള വിദ്വേഷചിഹ്നങ്ങളുടെ പ്രദർശനവും വിൽപനയും വിലക്കാൻ നിയമനിർമാണത്തിനൊരുങ്ങി കാനഡ. നീക്കത്തിൽ എതിര്‍പ്പറിയിച്ച് ഇന്ത്യൻ സ്ഥാനപതിയും വിവിധ ഹിന്ദുത്വ സംഘടനകളും രംഗത്തെത്തി.

നാഷനൽ ഡെമോക്രാറ്റിക് പാർട്ടി എം.പി പീറ്റർ ജൂലിയനാണ് കഴിഞ്ഞയാഴ്ച കാനഡ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. ഇന്ത്യൻ വംശജനും പാർട്ടി തലവനുമായ ജഗ്മീത് സിങ്ങിന്റെ പിന്തുണയും ബില്ലിനുണ്ട്. നാസി ചിഹ്നമായിരുന്ന സ്വസ്തിക, അമേരിക്കൻ വംശീയവാദികളായ കൂ ക്ലക്‌സ് ക്ലാൻ(കെ.കെ.കെ) സംഘത്തിന്റെ മുദ്ര അടക്കമുള്ള വിദ്വേഷസ്വഭാവമുള്ള അടയാളങ്ങളുടെ പരസ്യപ്രദർശനവും വിൽപനയുമെല്ലാം നിരോധിക്കണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്. 1933-1945 കാലത്തെ ജർമനിയുടെയും 1861-1865 കാലത്തെ അമേരിക്കൻ കോൺഫെഡറേറ്റിന്റെയും പതാകകൾക്കും സൈനിക വസ്ത്രങ്ങൾക്കുമെല്ലാം വിലക്കേർപ്പെടുത്തണമെന്നും ആവശ്യമുണ്ട്.

സ്വസ്തികയ്ക്കും കോൺഫെഡറേറ്റ് പതാകകൾക്കുമൊന്നും കാനഡയിൽ സ്ഥാനമില്ലെന്നാണ് ജഗ്മീത് ബില്ലിനെക്കുറിച്ച് വ്യക്തമാക്കിയത്. സമൂഹത്തിന് ഒന്നടങ്കം സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നമ്മൾക്കുണ്ട്. കാനഡയിൽ വിദ്വേഷമുദ്രകൾ നിരോധിക്കേണ്ട സമയമായിട്ടുണ്ടെന്നും സിങ് കൂട്ടിച്ചേർത്തു. ഹിംസയുടെയും അക്രമത്തിന്റെയും ഉള്ളടക്കമുള്ള മുദ്രയാണ് സ്വസ്തികയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, ബില്ലിൽ ആശങ്ക രേഖപ്പെടുത്തി കാനഡയിലെ ഇന്ത്യൻ കോൺസുൽ ജനറൽ അപൂർവ ശ്രീവാസ്തവ രംഗത്തെത്തി. കാനഡ സർക്കാരിനെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കാനഡയിലെ വിവിധ സംഘടനകളിൽനിന്നു ലഭിച്ച പരാതികൾ പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഹിന്ദുക്കളും ബുദ്ധന്മാരും ജൈനന്മാരുമെല്ലാം പരിപാവനമായി കരുതുന്നതാണ് സ്വസ്തികയെന്ന് ടൊറന്റോ കേന്ദ്രമായുള്ള അഭിഭാഷകയായ രാഗിണി ശർമ പറഞ്ഞു.

ഹിന്ദുക്കളുടെയും ബുദ്ധന്മാരുടെയും സിഖുകാരുടെയും പുരാതനവും വിശിഷ്ടവുമായ ചിഹ്നമായ സ്വസ്തികയെ 20-ാം നൂറ്റാണ്ടിൽ നാസികൾ ഉപയോഗിച്ച മുദ്രയുമായി ചേർത്തുകെട്ടരുതെന്ന് അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിന്ദു പാക്ട് വിമർശിച്ചു. പുതിയ നീക്കം ഹിന്ദുക്കൾക്കും സിഖുകാർക്കുമെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇടയാക്കുമെന്ന് ഹിന്ദുപാക്ട് എക്‌സിക്യൂട്ടീവ് ഡയരക്ടർ ഉത്സവ് ചക്രവർത്തി പറഞ്ഞു. കഴിഞ്ഞ മാസം മാത്രം കാനഡയിൽ ആറ് ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Summary: India raises concerns over Canada bill banning swastika

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News