സാമ്പത്തിക പ്രതിസന്ധി വീണ്ടെടുക്കാൻ ശ്രീലങ്കക്ക് പിന്തുണ നൽകും: ഇന്ത്യൻ ഹൈക്കമ്മീഷണർ
പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കറുമായി ചർച്ച നടത്തി
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കക്ക് ഇന്ത്യ പിന്തുണ നൽകുമെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബാഗ്ലേ. ഇന്നത്തെ ശ്രീലങ്കൻ പാർലമെന്റ് യോഗത്തിന് മൂന്നോടിയായാണ് ഹൈക്കമ്മീഷണറുടെ പ്രതികരണം. സ്പീക്കറെ സന്ദർശിച്ച അദ്ദേഹം ജനാധിപത്യം,സാമ്പത്തിക ഭദ്രത തുടങ്ങിയ കാര്യങ്ങളിൽ രാജ്യത്തിന്റെ പിന്തുണയറിയിച്ചു.
''ബഹുമാനപ്പെട്ട സ്പീക്കറെ സന്ദർശിച്ചു.. ജനാധിപത്യവും ഭരണഘടനാ സംരക്ഷണവും ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ അഭിനന്ദനം അറിയിച്ചു. ഈ നിർണായക ഘട്ടത്തിൽ ഇന്ത്യയുടെ എല്ലാ പിന്തുണയും തുടർന്നും ഉണ്ടാവുമെന്ന് ഉറപ്പ് നൽകി''- ഗോപാൽ ബാഗ്ലേ ട്വീറ്റ് ചെയ്തു.
ബുധനാഴ്ചയാണ് ശ്രീലങ്കയിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഇന്ന് ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ചർച്ച ചെയ്തു. 225 അംഗ പാർലമെന്റ് ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് സ്പീക്കർ അറിയിച്ചിരുന്നു. പുതിയ പ്രസിഡന്റ് 2024 നവംബർ വരെയുള്ള ഗോതബായ രാജപക്‌സെയുടെ ശേഷിക്കുന്ന കാലാവധിയിൽ തുടരും.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബുധനാഴ്ചയാണെന്നും നാമ നിർദേശപത്രിക ചൊവ്വാഴ്ച സമർപ്പിക്കണമെന്നും ശ്രീലങ്കൻ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ട്വീറ്റ് ചെയ്തു. പാർലമെന്റിലെ 225 വോട്ടർമാർ ഏകദേശം 22 ദശലക്ഷം ശ്രീലങ്കക്കാരുടെ ഭാവി തീരുമാനിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം നേരത്തെ മുന്നോട്ട് വെച്ചിരുന്നു. സ്പീക്കർ ആക്ടിങ് പ്രസിഡൻറാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചീഫ് മാർഷൽ ശരത്ത് ഫോൻസേക ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ റെനിൽ വിക്രമസിംഗെയെ പിന്തുണക്കാൻ ശ്രീലങ്ക പൊതുജന പെരാമുന തീരുമാനിച്ചിട്ടുണ്ട്. എല്ലാ പാർട്ടി പ്രതിനിധികളോടും സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്പീക്കർ ആവശ്യപ്പെട്ടിരുന്നു.
ഗോതബായ രജപക്സെ രാജിവച്ചതിനു പിന്നാലെ റെനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. റെനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലായിരുന്നു നീക്കം. പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന റെനിൽ വിക്രമസിംഗെ രാജി വയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.