ഇന്ത്യന്‍ വംശജ അനിത ആനന്ദ് കാനഡയുടെ പ്രതിരോധമന്ത്രി
അനിത ആനന്ദിനെ പ്രതിരോധ മന്ത്രിയാക്കിയതിലൂടെ ലൈംഗികാതിക്രമ കേസില്‍ ശക്തമായൊരു സന്ദേശം നല്‍കാന്‍ കഴിയുമെന്നാണ് ട്രൂഡോ സര്‍ക്കാരിന്‍റെ പ്രതീക്ഷ
കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പുനസ്സംഘടിപ്പിച്ചപ്പോള്‍ പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടത് ഇന്ത്യന്‍ വംശജയാണ്. 54കാരിയായ അനിത് ആനന്ദ് ആണ് കാനഡയുടെ പുതിയ പ്രതിരോധമന്ത്രി.
ഇന്ത്യന്‍ വംശജന്‍ തന്നെയായിരുന്നു നേരത്തെ കാനഡയുടെ പ്രതിരോധമന്ത്രി. ഹര്‍ജിത് സജ്ജന്‍ സൈന്യത്തിലെ ലൈംഗികാരോപണ വിവാദം കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തി എന്ന് വിമര്‍ശനമുയര്‍ന്നതോടെയാണ് സ്ഥാനചലനമുണ്ടായത്. വിദേശകാര്യ വകുപ്പിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.
അനിത ആനന്ദിനെ പ്രതിരോധ മന്ത്രിയാക്കിയതിലൂടെ ലൈംഗികാതിക്രമ കേസില്‍ ശക്തമായൊരു സന്ദേശം നല്‍കാന്‍ കഴിയുമെന്നാണ് ട്രൂഡോ സര്‍ക്കാരിന്‍റെ പ്രതീക്ഷ. ലൈംഗികാതിക്രമത്തിന്‍റെ ഇരകള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം.
അഭിഭാഷകയാണ് അനിത ആനന്ദ്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുപരിചയമുണ്ട്. ഓക്‍വില്ലയില്‍ നിന്ന് 46 ശതമാനം വോട്ടുനേടിയാണ് അനിത ആനന്ദിന്‍റെ വിജയം. കോവിഡ് വാക്സിന്‍ വിതരണം ഏകോപിപ്പിക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അനിത ആനന്ദ് മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു. ആരോഗ്യ പ്രതിസന്ധിയുടെ കാലത്ത് വഹിച്ച നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് അനിതയെ പ്രതിരോധ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്. അനിതയെയും സജ്ജനെയും കൂടാതെ ബര്‍ദിഷ് ഛാഗര്‍ എന്ന മന്ത്രി കൂടിയുണ്ട് ഇന്ത്യന്‍ വംശജരായി ട്രൂഡോ സര്‍ക്കാരില്‍.