യു.എസിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയിൽ

രണ്ടുദിവസമായി കുടുംബത്തിന്റെ വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2023-12-31 08:47 GMT
Editor : Lissy P | By : Web Desk
Advertising

ബോസ്റ്റൺ: ഇന്ത്യൻ വംശജരായ ദമ്പതികളെയും മകളെയും അമേരിക്കയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. രാകേഷ് കമാൽ (57), ഭാര്യ ടീന കമാൽ(54), മകൾ അരിയാന(18) എന്നിവരെയാണ് ബോസ്റ്റണിനടുത്ത ഡോവർ ടൗണിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രാകേഷ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.

വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് നോർഫോക്ക് ഡിസ്ട്രിക്റ്റ് അറ്റോറോർണി അറിയിച്ചു. ഭർത്താവിന്റെ മൃതദേഹത്തിന് സമീപം തോക്ക് കണ്ടെത്തി. ദമ്പതികൾ എഡുനോവ എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നു. എന്നാൽ ഇപ്പോഴത് പ്രവർത്തനരഹിതാണ്. ഇരുവർക്കും സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും സൂചനകളുണ്ട്. കമ്പനി തുടക്കത്തിൽ മികച്ച ലാഭത്തിലായിരുന്നു. 5.45 മില്യൻ ഡോളർ വിലവരുന്ന 11 കിടപ്പുമുറികളുള്ള ബംഗ്ലാവ് ഇവർ സ്വന്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബംഗ്ലാവ് ഒരു വർഷം മുൻപ് ജപ്തി ചെയ്തു. മസാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള വിൽസൺഡേൽ അസോസിയേറ്റ്‌സ് എൽഎൽസിക്ക് 3 മില്യൺ ഡോളറിന് വിറ്റതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ മൂന്ന് പേരും വെടിയേറ്റാണോ മരിച്ചതെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. മെഡിക്കൽ എക്‌സാമിനറുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് അധികൃതർ പറയുന്നത്. രണ്ടുദിവസമായി കുടുംബത്തിന്റെ വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News