ഫലസ്തീൻ കുട്ടികളെ വെടിവെച്ചു കൊന്ന് ഇസ്രായേൽ സൈന്യം; വെസ്റ്റ് ബാങ്കിൽ മരണനിരക്ക് മൂന്നിരട്ടിയായി
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഓരോ ആഴ്ചയും ശരാശരി നാല് ഫലസ്തീൻ കുട്ടികളാണ് കൊല്ലപ്പെടുന്നത്
ജെറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം ഫലസ്തീൻ കുട്ടികളെ കൊല്ലുന്നത് മൂന്നിരട്ടിയായി വർധിച്ചെന്ന് ഐക്യരാഷ്ട്ര സഭ. വെസ്റ്റ് ബാങ്കിലെ വിനാശകരമായ അവസ്ഥയുടെ ദുരിതം അനുഭവിക്കുന്നത് കുട്ടികളാണെന്ന് യുഎൻ വക്താവ് സ്റ്റീഫൻ ദുജാറിക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2023 ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിൽ ഓരോ ആഴ്ചയും ശരാശരി നാല് ഫലസ്തീൻ കുട്ടികളാണ് കൊല്ലപ്പെടുന്നത്. 2023ലെ ആദ്യത്തെ ഒമ്പത് മാസത്തെ അപേക്ഷിച്ച് നോക്കുേമ്പാൾ മൂന്നിരട്ടിയാണ് വർധനവ്. അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമവും അധിനിവേശ വെസ്റ്റ്ബാങ്കിൽ വർധിച്ചിട്ടുണ്ട്. ഇതുകാരണം നിരവധി കുട്ടികളാണ് വഴിയാധാരമായത്.
കുടിയേറ്റക്കാരുടെ അക്രമം, ഭീഷണിപ്പെടുത്തൽ, ഉപദ്രവം എന്നിവ കാരണം ബദൂവിയൻ, പശുവളർത്തൽ വിഭാഗങ്ങളിൽ 1700ഓളം പേരാണ് കുടിയിറക്കപ്പെട്ടത്. ഇതിൽ പകുതിയോളം കുട്ടികളാണെന്നും സ്റ്റീഫൻ ദുജാറിക് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നിരന്തരം റെയ്ഡുകൾ നടത്തുന്നുണ്ട്. ഒക്ടോബർ ഏഴിന് ശേഷം ഇതിൽ വലിയ രീതിയിലുള്ള വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇത് കൂടാതെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരും നിരന്തരം ആക്രമണം അഴിച്ചുവിടുന്നുണ്ട്. തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമർ ബെൻഗവിറിനെ പോലുള്ളവരും ഇവർക്ക് പൂർണ പിന്തുണ നൽകുകയാണ്.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിെൻറ വെടിയേറ്റ് 795 പേർ കൊല്ലപ്പെട്ടുവെന്നാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിെൻറ കണക്ക്. 6450 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ നിരവധി പേരെയാണ് ദിവസവും പിടികൂടി ജയിലിലടക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ ഫലസ്തീൻ മണ്ണിലുള്ള ഇസ്രായേലിെൻറ അധിനിവേശം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കിയിരുന്നു. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജെറുസലേമിലെയും എല്ലാ കുടിയേറ്റങ്ങളും ഒഴിയണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഇതിനുശേഷവും അനധികൃത ഇസ്രായ്രലി കുടിയേറ്റം നിർബാധം തുടരുകയാണ്.