അഫ്ഗാൻ പൗരൻമാർ രാജ്യം വിട്ടുപോകരുതെന്ന് താലിബാൻ; രക്ഷാദൗത്യം തുടർന്ന് ഇന്ത്യ
അഫ്ഗാൻ മണ്ണ് ഭീകര സംഘനകളുടെ പ്രവർത്ത കേന്ദ്രമാകുന്നത് തടയണമെന്ന് ഇന്ത്യ യു.എന്‍ അഭയാർഥി ഹൈമ്മീഷനിൽ ആവശ്യപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനം ഇന്നും ഇന്ത്യ തുടരും. കുടുങ്ങിക്കിടക്കുന്നവരെ കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ തജിക്കിസ്ഥാനിൽ എത്തിച്ച ശേഷം അവിടെ നിന്നാകും ഡൽഹിയിലെത്തിക്കുക. അഫ്ഗാൻ രക്ഷാ ദൗത്യമായ ഓപ്പറേഷൻ ദേവി ശക്തി വഴി 626 പേരെ ഇന്ത്യയിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. അഫ്ഗാൻ മണ്ണ് ഭീകര സംഘനകളുടെ പ്രവർത്ത കേന്ദ്രമാകുന്നത് തടയണമെന്ന് ഇന്ത്യ യു.എന്‍ അഭയാർഥി ഹൈമ്മീഷനിൽ ആവശ്യപ്പെട്ടു.
അതേസമയം അഫ്ഗാനിൽ നിന്നുള്ള സൈനിക പിൻമാറ്റം ഈ മാസം 31 ന് തന്നെ പൂർത്തിയാക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. സൈനിക പിൻമാറ്റം വേഗത്തിലാക്കാൻ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. അഫ്ഗാനിസ്ഥാനില്‍ തുടരണമെന്ന് ജി 7 രാജ്യങ്ങള്‍ അമേരിക്കയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍ ഈ മാസം അവസാനത്തോടെ തന്നെ അഫ്ഗാനില്‍ നിന്ന് പൂർണ്ണമായും പിന്‍വാങ്ങണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും താലിബാന്‍ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. താലിബാനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പാളിയതിനെ തുടർന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സൈനിക പിൻമാറ്റം ഈ മാസം 31-ന് തന്നെ പൂർത്തിയാക്കുമെന്നും ആറ് ദിവസത്തിനുള്ളില്‍ എല്ലാവരെയും പുറത്തെത്തിക്കുന്നതിനായുള്ള പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നതായും അറിയിച്ചത്. അതേസമയം അഫ്ഗാൻ പൗരൻമാർ രാജ്യം വിട്ട് പോകരുതെന്ന് താലിബാൻ ആവശ്യപ്പെട്ടു. അഫ്ഗാന്‍ പൗരന്‍മാർക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്ന് താലിബാന്‍ അറിയിച്ചു. കൂടാതെ ഡോക്ടർമാരെയും മറ്റു പ്രൊഫഷണലുകളെയും കൊണ്ടുപോകുന്ന അമേരിക്കൻ നയം അംഗീകരിക്കില്ലെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു