ഇറാനിലെ കെർമൻ സ്‌ഫോടനം; 11 പേർ പിടിയിൽ
ചാവേറുകളെ ഇറാനിൽ കൊണ്ടു വന്ന സംഘവും പിടിയിലായെന്ന് ഇറാനിയൻ ഇന്റലിജൻസ് വിഭാഗം അറിയിച്ചു
ഇറാനിലെ കെർമൻ നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 11 പേർ പിടിയിൽ. ചാവേറുകളെ ഇറാനിൽ കൊണ്ടു വന്ന സംഘവും പിടിയിലായെന്ന് ഇറാനിയൻ ഇന്റലിജൻസ് വിഭാഗം അറിയിച്ചു.
ബുധനാഴ്ചയാണ് ഇറാനെ ഞെട്ടിച്ച് മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ട സ്‌ഫോടനമുണ്ടാകുന്നത്. നൂറോളം പേർ കൊല്ലപ്പെടുകയും അത്രയും തന്നെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐഎസ് രംഗത്തെത്തുകയും ചെയ്തു.
റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെയായിരുന്നു സ്ഫോടനം. കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. രക്തസാക്ഷി വാർഷികവുമായിബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയ ഘട്ടത്തിലാണ് ഭീകരർ റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. സ്മാരകത്തിൽനിന്ന് 700 മീറ്റർ അകലെയായിരുന്നു ആദ്യ സ്ഫോടനം. 13 മിനിറ്റിനു പിന്നാലെ രണ്ടാമത്തെ സ്ഫോടനവും ഉണ്ടായി.