പ്രതിഷേധങ്ങളിൽ കത്തിയെരിഞ്ഞ് ഇറാൻ; കൂട്ടക്കൊല തുടർന്ന് ഭരണകൂടം

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയാവുന്നത്

Update: 2022-10-03 14:30 GMT
Editor : banuisahak | By : Web Desk
Advertising

ടെഹ്‌റാൻ: മഹ്‌സ അമിനി എന്ന 22കാരിയുടെ മരണത്തെ തുടർന്ന് സ്ത്രീകളുടെ നേതൃത്വത്തിൽ ഇറാനിലെ തെരുവുവീഥികളിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ ഇറാനിയൻ സേന അഴിച്ചുവിട്ടത് കണ്ണില്ലാത്ത ക്രൂരതയെന്ന് റിപ്പോർട്ടുകൾ. ടെഹ്‌റാൻ സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തെ ഒറ്റരാത്രി കൊണ്ട് അടിച്ചമർത്തിയെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കില്‍ കടുത്ത ഹിജാബ് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനക്കിടെ ഇറാനിലെ സദാചാര പൊലീസിന്റെ കസ്റ്റഡിയിലായ മഹ്‌സ അമിനിയുടെ മരണം കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയാവുന്നത്.

മഹ്‌സിയയുടെ സ്വദേശമായ കുർദ് മേഖലയിലാണ് ആദ്യം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന്, രാജ്യതലസ്ഥാനമായ ടെഹ്‌റാൻ അടക്കം 150ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു. മതശാസനം പരസ്യമായി ലംഘിച്ചുകൊണ്ട് തെരുവിലിറങ്ങിയ സ്ത്രീകൾ ഹിജാബ് വലിച്ചൂരി തെരുവിലിട്ട് കത്തിച്ചു. പ്രതീകാത്മകമായി മുടിമുറിച്ചു. ഇതിന്റ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. രാജ്യാന്തര തലത്തിൽ പിന്തുണ ലഭിച്ചതോടെ പ്രതിഷേധം കനക്കുകയായിരുന്നു.

പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിക്കെതിരെ അദ്ദേഹത്തിന്റെ നാട്ടിൽ തന്നെ യുവാക്കൾ മുദ്രാവാക്യമുയർത്തി. തുടർന്ന് ഖുമൈനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് തന്നെ പ്രതിഷേധം അമര്‍ച്ച ചെയ്യാൻ നേരിട്ട് രംഗത്തെത്തി. ആദ്യം നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതോടെ വിദ്യാർത്ഥികളടക്കമുള്ള പ്രതിഷേധകർക്ക് നേരെ സൈന്യം അതിക്രൂര ആക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ടെഹ്‌റാനിലെ പ്രശസ്‌തമായ ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ നൂറുകണക്കിന് വിദ്യാർത്ഥികളെ കണ്ണീർ വാതകവും പെയിന്റ് ബോളും ഉപയോഗിച്ച് നേരിട്ടു. സ്റ്റീൽ പെല്ലറ്റ് തോക്കുകളും സൈന്യം വിദ്യാർത്ഥികൾക്ക് നേരെ പ്രയോഗിച്ചു. പ്രതിഷേധം മൂന്നാഴ്ച പിന്നിടുമ്പോൾ ഇസ്‌ഫഹാൻ സർവകലാശാലയിലും സ്ഥിതി രൂക്ഷമാവുകയാണ്.

വിദ്യാർത്ഥികളെ സൈന്യം ബൈക്കിൽ പിന്തുടർന്ന് തെരുവുകളിലൂടെ ഓടിക്കുന്നതിന്റെയും അവരെ റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സർവകലാശാലകളിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങളിൽ വെടിവെപ്പും നിലവിളികളുമാണ് കേൾക്കാൻ സാധിക്കുന്നത്. ഇറാനിലെ ന്യൂയോർക്ക് ആസ്ഥാനമായുള്ള സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആണ് വീഡിയോകൾ പുറത്തുവിട്ടത്.

നിലവിലെ സാഹചര്യവും വിദ്യാർത്ഥികളുടെ സുരക്ഷയും കണക്കിലെടുത്ത് ഷെരീഫ് സർവകലാശാലയിലടക്കം ക്‌ളാസുകൾ ഓൺലൈനായി നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ ഇതുവരെ 92 പേരാണ് മരിച്ചത്. ഇന്റർനെറ്റ് വിച്ഛേദിച്ചതിനാൽ കൃത്യമായ മരണസംഖ്യ കണക്കാക്കാൻ തടസങ്ങളുണ്ടെന്ന് മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. ഇതിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത ബലൂച് സുന്നി ന്യൂനപക്ഷത്തിലെ കൗമാരക്കാരിയായ പെൺകുട്ടിയെ ഈ മേഖലയിലെ ഒരു പോലീസ് മേധാവി ബലാത്സംഗം ചെയ്‌തെന്നും ആരോപണം ഉയരുന്നുണ്ട്.

സെപ്റ്റംബര്‍ 13 നാണ് കുര്‍ദിസ്താനില്‍നിന്ന് കുടുംബത്തോടൊപ്പം ടെഹ്റാനിലേക്ക് പോവുകയായിരുന്ന മഹ്സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‌സയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത് മൂന്ന് ദിവസത്തിന് ശേഷം അവളുടെ ജീവനറ്റ ശരീരമാണ് കുടുംബത്തിന് ലഭിച്ചത്.

ഹൃദയാഘാതം മൂലമാണ് മഹ്‌സ മരിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ, കസ്റ്റഡിയിൽ മഹ്‌സ അതിക്രൂരതകൾ നേരിട്ടെന്ന് കുടുംബം പറയുന്നു. അവളെ തെരുവിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. വാഹനത്തിൽ വെച്ചും റോഡിൽ വെച്ചും മഹ്‌സയയെ പൊലീസ് മർദിച്ചുവന്ന് കുടുംബം പറഞ്ഞു. അവൾക്ക് ഹൃദയ സംബന്ധമായ യാതൊരു അസുഖങ്ങളുമില്ലെന്നും പൊലീസ് മഹ്‌സിയയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News