ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ല; ഇസ്രായേലിന് വീണ്ടും ഇറാന്‍റെ താക്കീത്
യു.എസ് നേതൃത്വം പ്രത്യേക വെടിനിർത്തൽ നിർദേശം മുന്നോട്ടുവെക്കുമെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു
തെല്‍ അവിവ്: കെയ്റോയിൽ നടക്കുന്ന ചർച്ചയിൽ ഇരുപക്ഷത്തിനുമിടയിൽ വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ തിരക്കിട്ട നീക്കം. യു.എസ് നേതൃത്വം പ്രത്യേക വെടിനിർത്തൽ നിർദേശം മുന്നോട്ടുവെക്കുമെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ ഗസ്സയിൽ നിന്ന് ഭൂരിഭാഗം സൈനികരെയും പിൻവലിച്ചിരിക്കുകയാണ് ഇസ്രായേൽ. നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കെയ്റോയിൽ ഇന്നാരംഭിക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ പ്രതീക്ഷ ശക്തമാണ്. ഇസ്രായേൽ സംഘം ഇന്ന് കെയ്റോയിലെത്തും. ചർച്ചകൾക്കായി ഹമാസ് സംഘത്തിനു പുറമെ സി.ഐ.എ ഡയറക്ടർ ബിൽ ബേൺസും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും കെയ്റോയിലെത്തി. കടുത്ത നിലപാടിൽ നിന്ന് ഇസ്രായേൽ അയഞ്ഞതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദികളുടെ മോചനത്തിന് ചില വിട്ടുവീഴ്ചകൾക്ക് തയാറാണെന്നും എന്നാൽ ഹമാസിന്റെ ഉപാധികൾ മുഴുവന്‍ അംഗീകരിക്കാൻ കഴിയില്ലെന്നും നെതന്യാഹു പറഞു. ഇന്നലെ ചേർന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയാണ് വെടിനിർത്തൽ കരാർ ചർച്ചയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. അതിനിടെ, ഇസ്രായേൽ തടവിലുള്ള ഫലസ്തീൻ പോരാളി വാലിദ് ദഖ്ഖ കൊല്ലപ്പെട്ടു. മധ്യസ്ഥ ചർച്ച അട്ടിമറിക്കാൻ ഇസ്രായേൽ ദഖ്ഖയെ ജയിലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹമാസ് ആരോപിച്ചു. സ്വാഭാവിക മരണം മാത്രമെന്ന് ഇസ്രായേൽ പറഞ്ഞു.
കെയ്റോ ചർച്ചക്ക് തൊട്ടുമുമ്പായി തെക്കൻ ഗസ്സയിൽനിന്ന് കൂടുതൽ കരസേനയെ ഇസ്രായേൽ പിൻവലിച്ചു. 98ാം ഡിവിഷന്റെ മൂന്നു ബ്രിഗേഡുകളെയാണ് പിൻവലിച്ചത്. നിലവിൽ ഒരു ഡിവിഷൻ മാത്രമാണ് ഗസ്സയിൽ അവശേഷിക്കുന്നത്. അടുത്തഘട്ട സൈനിക നീക്കവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പിന്മാറ്റമെന്നാണ് ഐ.ഡി.എഫ് നൽകുന്ന വിശദീകരണം. സഖ്യകക്ഷിയായ അമേരിക്ക സമ്മർദം ചെലുത്തിയതിന്‍റെ ഭാഗമായാണിതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. റഫയിൽ കരയുദ്ധം തുടങ്ങുന്നതിന്റെ മുന്നോടിയെന്ന നിലക്കും ഈ നീക്കത്തെ നോക്കി കാണുന്നവരുണ്ട് ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ് ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,175 ആയി. 75,886 പേർക്ക് പരിക്കേറ്റു. ഇറാനിൽ നിന്ന് ഏതു സമയവും പ്രത്യാക്രമണം ഉണ്ടാകുമെന്ന ആശങ്കയിൽ ഏതൊരു സാഹചര്യവും നേരിടാൻ രാജ്യം തയാറാണെന്ന് ഇസ്രായേൽ സൈനിക നേതൃത്വം വ്യക്തമാക്കി.
ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവിന്‍റെ മുതിർന്ന ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചെങ്കടലിൽ രണ്ട് ബ്രിട്ടീഷ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അറിയിച്ചു. ഇതിനുള്ള മറുപടിയെന്നോണം ഹൂതി പ്രദേശങ്ങളിൽ അമേരിക്കയും ബ്രിട്ടനും പ്രത്യാക്രമണം നടത്തി.