ഇറാന്‍റെ ആണവ പദ്ധതി പശ്ചിമേഷ്യൻ സുരക്ഷക്ക് വൻഭീഷണിയെന്ന് അമേരിക്കയും ഇസ്രയേലും
യോജിച്ച നീക്കത്തിലൂടെ വെല്ലുവിളി മറികടക്കുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു
ഇറാന്‍റെ ആണവ പദ്ധതി പശ്ചിമേഷ്യൻ സുരക്ഷക്ക് വൻഭീഷണിയെന്ന് അമേരിക്കയും ഇസ്രയേലും. യോജിച്ച നീക്കത്തിലൂടെ വെല്ലുവിളി മറികടക്കുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. അതേ സമയം ആണവ കരാർ വിഷയത്തിൽ വിയന്ന ചർച്ച അടുത്ത ആഴ്ച പുനരാരംഭിക്കാനിരിക്കെ, ഉപരോധം പിൻവലിക്കണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്.
ഇറാന്‍റെ ആണവ കേന്ദ്രത്തിൽ ആക്രമണം നടത്താൻ മടിക്കില്ലെന്ന് ഇസ്രായേൽ ഭരണകൂടം വ്യക്തമാക്കിയ സാഹചര്യത്തിലാണ് അമേരിക്കയുമായി നിർണായക ചർച്ച നടന്നത്. ഇസ്രായേൽ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റും യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുളളിവനും തമ്മിൽ ആയിരുന്നു ചർച്ച. ഇറാന്‍റെ ആണവ പദ്ധതി ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് രൂപപ്പെടുത്തിയതെന്നും ശക്തമായ പ്രതിരോധ നടപടികൾ ആവശ്യമാണെന്നും ഇരു രാജ്യങ്ങളും വിലയിരുത്തി. വിയന്ന ചർച്ച നിർത്തി വെക്കണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടു.
അതിനിടെ, വൻശക്തികളുമായുള്ള ചർച്ച നിർണായക ഘട്ടത്തിലാണെന്ന് ഇറാൻ പാർലമെന്‍റുമായി ബന്ധപ്പെട്ട സുരക്ഷാ സമിതി വ്യക്തമാക്കി. പന്ത്രണ്ടിന കാര്യങ്ങളിൽഊന്നിയാണ് ചർച്ച. ഉപരോധ പിൻവലിക്കൽ ഉൾപ്പെടെയുള്ളവ ഇതിലുൾപ്പെടും. സംസ്കരിച്ച യുറേനിയം രാജ്യത്തിന് വെളിയിലേക്ക് കൈമാറണമെന്ന നിർദേശം സ്വീകാര്യമല്ലെന്നും ഇറാൻ നേതൃത്വം അറിയിച്ചു.