ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഹ്മദി നജാദ്
ജനപ്രിയ നേതാവായ നജാദ് 2005 മുതൽ 2013 വരെ രണ്ടുതവണ തുടർച്ചയായി പ്രസിഡന്റായിരുന്നു.
തെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീപ്പൊരി നേതാവും മുൻ പ്രസിഡന്റുമായ മഹ്മൂദ് അഹ്മദി നജാദും രംഗത്ത്. തെഹ്‌റാനിലെ ആഭ്യന്തരമന്ത്രാലയ ആസ്ഥാനത്തെത്തിയ നജാദ് തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്തു. ദേശീയപതാക വീശിയും മുദ്രാവാക്യം മുഴക്കിയുമാണ് അനുയായികൾ അദ്ദേഹത്തെ സ്വീകരിച്ചത്.
ഇറാനിലെ നിയമപ്രകാരം പ്രസിഡന്റ് പദവിയിൽനിന്ന് ഒഴിഞ്ഞ് നാല് വർഷത്തിന് ശേഷം വീണ്ടും മത്സരിക്കാം. പക്ഷേ 2021ൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഗാർഡിയൻ കൗൺസിൽ നിരസിച്ചിരുന്നു. ജനപ്രിയ നേതാവായ നജാദ് 2005 മുതൽ 2013 വരെ രണ്ടുതവണ തുടർച്ചയായി പ്രസിഡന്റായിരുന്നു.
പ്രസിഡന്റായിരുന്ന ഇബ്‌റാഹീം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടത്തിനെ തുടർന്നാണ് ഇറാനിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. നജാദിന് പുറമെ മിതവാദി നേതാവായ അലി ലാരിജാനി, യാഥാസ്ഥിതിക നേതാവായ സഈദ് ജലീലി തുടങ്ങിയവരും തെരഞ്ഞെടുപ്പിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗാർഡിയൻ കൗൺസിൽ ഇത്തവണയും സ്ഥാനാർഥിത്വം നിരസിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാൻ അഹ്മദി നജാദ് തയ്യാറായില്ല. രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെമ്പാടുമുള്ള ജനങ്ങളുടെ വിളികേട്ടാണ് താൻ വീണ്ടും മത്സരിക്കാനെത്തുന്നതെന്നും ഇറാന്റെ ആഭ്യന്തരവും അന്താരാഷ്ട്രതലത്തിലുമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ തനിക്ക് കഴിയുമെന്ന് വിശ്വാസമുണ്ടെന്നും നജാബ് പറഞ്ഞു.