‘നത്തിങ് കംപയേഴ്സ് ടു യു’ ഐറിഷ് പോപ്പ് ഗായിക സിനേഡ് ഓ കോണർ അന്തരിച്ചു
1990ൽ പുറത്തിറങ്ങിയ ‘നത്തിങ് കംപയേഴ്സ് ടു യു’ എന്ന ഒറ്റ ഗാനത്തിലൂടെ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് സിനെയ്ഡ്.
ഡബ്ലിൻ: പ്രശസ്ത ഐറിഷ് ഗായിക സിനെയ്ഡ് ഓ കോണർ (56) അന്തരിച്ചു.1990ൽ പുറത്തിറങ്ങിയ ‘നത്തിങ് കംപയേഴ്സ് ടു യു’ എന്ന ഒറ്റ ഗാനത്തിലൂടെ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് സിനെയ്ഡ്. 2018ൽ ഇസ്‍ലാം മതവിശ്വാസിയായി മാറിയ സിനെയ്ഡ് ശുഹദ സദാഖത്ത് എന്ന് പേര് മാറ്റിയെങ്കിലും സംഗീത രംഗത്ത് പഴയ പേരുതന്നെ തുടരുകയായിരുന്നു.
മരണ വിവരം ഐറിഷ് ദേശീയ ബ്രോഡ്കാസ്റ്റർ ആർ.ടി.ഇ ആണ് റിപ്പോർട്ട് ചെയ്തത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട സിനെയ്ഡിന്റെ വിയോഗം ഏറെ ദുഃഖത്തോടെ അറിയിക്കുകയാണ്. കുടുംബവും കൂട്ടുകാരും ഏറെ തകർന്നിരിക്കുന്ന വേളയിൽ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിക്കുന്നു’ കുടുംബത്തെ ഉദ്ധരിച്ച് ആർ.ടി.ഇ റിപ്പോർട്ട് ചെയ്തു. മരണകാരണമെന്താണെന്ന് കുടുംബം വെളിപ്പെടുത്തിയിട്ടില്ല.
പാട്ടിനുപുറമെ സാമൂഹിക പ്രശ്നങ്ങളിലടക്കം വെട്ടിത്തുറന്ന് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിലൂടെയും ശ്രദ്ധേയയായിരുന്നു സിനെയ്ഡ്. സിനെയ്ഡിന്റെ നാലു മക്കളിലൊരാളായ ഷെയ്ൻ കഴിഞ്ഞ വർഷം ജനുവരിയിൽ മരണപ്പെട്ടിരുന്നു. മകന്റെ മരണ ശേഷം ഏറെ നിരാശയായിരുന്നു സിനെയ്ഡ്. ‘മകൻ പോയശേഷം മരിക്കാത്ത രാത്രിജീവിയായി കാലം തള്ളിനീക്കുകയാണ് ഞാൻ. അവനെന്റെ ജീവനായിരുന്നു. എന്റെ ആത്മാവിന്റെ വിളക്കായിരുന്നു’ -മകന്റെ ചിത്രത്തോടൊപ്പം തന്റെ അവസാന ട്വീറ്റിൽ സിനെയ്ഡ് എഴുതിയതിങ്ങനെയാണ്. 2022 ജനുവരി ഏഴിന് ഷെയ്നിനെ കാണാതായി രണ്ടു ദിവസങ്ങൾക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.