ഞങ്ങള്‍ എവിടെയും പോകുന്നില്ല; പൂട്ടുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക്

കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക് നിര്‍ത്തുകയാണെന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

Update: 2022-10-15 06:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

അറ്റ്‍ലാന്‍റ:  കുട്ടികളുടെ പ്രിയപ്പെട്ട ചാനലാണ് കാർട്ടൂൺ നെറ്റ്‌വർക്ക്. 90 കിഡ്സിന്‍റെ ഗൃഹാതുര സ്മരണകളില്‍ ഏറ്റവും തിളക്കമുള്ള ഒന്ന്. എന്നാല്‍ കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക് നിര്‍ത്തുകയാണെന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു തലമുറയെ ഒന്നാകെ നിരാശയിലാഴ്ത്തുന്ന വാര്‍ത്തയായിരുന്നു അത്. ഇത് തികച്ചും വ്യാജവാര്‍ത്തയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി ലയനത്തിന് പിന്നാലെ ആനിമേഷന്‍, സ്‌ക്രിപ്റ്റിംഗ് ഡിവിഷനുകളില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യമാണ് ഇത്തരമൊരു അഭ്യൂഹം പരക്കാൻ കാരണമായത്. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നിര്‍ത്തുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാര്‍ണര്‍ബ്രോസ് ഡിസ്‌കവറി അറിയിച്ചു. ജീവനക്കാരെ ചിലരെ പിരിച്ചുവിട്ടെന്ന വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചെങ്കിലും അത് ചാനലിനെ ബാധിക്കില്ല. ചാനല്‍ ഇനിയും ലഭ്യമാകുമെന്നും കമ്പനി വ്യക്തത വരുത്തി. ''ഞങ്ങൾ മരിച്ചിട്ടില്ല, 30 വയസ് തികയുകയാണ്. ഞങ്ങളുടെ ആരാധകരോട്: ഞങ്ങൾ എവിടെയും പോകുന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണുകളുടെ വീടായിരിക്കും എപ്പോഴും ഞങ്ങള്‍. കൂടുതല്‍ കാര്‍ട്ടൂണുകളുമായി ഞങ്ങള്‍ ഉടന്‍ വരും'' കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു.

കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക് നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ ബാല്യകാല സ്മരണകളുമായി എത്തിയത്. 30 വർഷത്തെ മികച്ച കഥ പറച്ചിലിനും കഥാപാത്രങ്ങൾക്കും അവർ ചാനലിനും ബന്ധപ്പെട്ട എല്ലാവർക്കും നന്ദി പറഞ്ഞു. '#RIPCartoonNetwork' എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ നിറഞ്ഞു. കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കായിരുന്നു തങ്ങളുടെ കുട്ടിക്കാലത്തെ ലോകമെന്നായിരുന്നു പലരും കുറിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News