ഗോലാൻ കുന്നിലെ ആക്രമണം ഇസ്രായേലിന്റെ അയേൺ ഡോമിന് സംഭവിച്ച പിഴവോ?

അയേൺ ഡോമിൽനിന്നുള്ള മിസൈൽ പതിച്ചാണ് 12 പേർ മരിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു

Update: 2024-07-28 07:55 GMT
Advertising

ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണമാണ് അധിനിവേശ ഗോലാൻ കുന്നിലെ മജ്ദ് അൽ ഷംസിലെ ഗ്രാമത്തിൽ ശനിയാഴ്ച സംഭവിച്ചത്. ഫുട്ബാൾ ഗ്രൗണ്ടിൽ പതിച്ച റോക്കറ്റ് പൊട്ടിത്തെറിച്ച് കുട്ടികളടക്കം 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിന് പിന്നിൽ ലെബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ലയാണെന്നാണ് ഇസ്രായേൽ വാദം. എന്നാൽ, ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഹിസ്ബുല്ലയും പറയുന്നുണ്ട്. ഇതോടെ എന്താണ് സംഭവിച്ചതെന്ന ചോദ്യങ്ങളും വലിയ രീതിയിൽ ഉയരുകയാണ്. ഇസ്രായേലിന്റെ സ്വയം പ്രതിരോധ സംവിധാനമായ അയേൺ ഡോമിന് സംഭവിച്ച പിഴവാണ് കാരണമെന്ന വാദം വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ‘അയേൺ ഡോം’ എന്ന ഹാഷ് ടാഗ് ‘എക്സി’ൽ ട്രെൻഡിങ്ങാണ്. അയേൺ ഡോമിൽനിന്നുള്ള മിസൈൽ പതിച്ചാണ് കുട്ടികളടക്കമുള്ളവർ മരിച്ചതെന്ന് പലരും വാദിക്കുന്നു.

 

സാധാരണ ഗതിയിൽ ഇസ്രായേൽ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും വരുമ്പോൾ ഏറെനേരം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങാറുണ്ട്. എന്നാൽ, മജ്ദ് അൽ ഷംസിലെ ആക്രമണത്തിന് മുമ്പ് കുറഞ്ഞ സമയം മാത്രമാണ് സൈറൺ മുഴങ്ങിയത്. ഇതിനാൽ തന്നെ ഇവിടെയുണ്ടായിരുന്ന പലർക്കും ഓടിരക്ഷപ്പെടാൻ പോലും സാധിച്ചില്ല.

ആക്രമണത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് ബി.ബി.സിയുടെ മിഡിൽ ഈസ്റ്റ് കറസ്​പോണ്ടന്റ് നഫീസ കൊഹ്ൻവാർഡ് ‘എക്സി’ൽ കുറിച്ചു. പല സ്രോതസ്സുകളും പറയുന്നത് അയേൺ ഡോമിനുണ്ടായ പിഴവാണെന്നാണ്. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ ഹിസ്ബുല്ല പ്രധാനമായും ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നത്. ഹിസ്ബുല്ല ഇതുവരെ 6000 മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ട്. എന്നിരുന്നാലും കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ കുറവാണ്. തീർച്ചയായും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ വലിയ പ്രതിരോധം തീർക്കുന്നുണ്ട്. കൂടാതെ ഹിസ്ബുല്ലയുടെ ലക്ഷ്യങ്ങളും അത്തരത്തിലുള്ളതായിരുന്നു. അതിനാൽ തന്നെ ഇത് അയേൺ ഡോമിന് സംഭവിച്ച പിഴവാണോ എന്ന് നഫീസ കൊഹ്ൻവാർഡ് ചോദിക്കുന്നു.

12 പേരുടെ മരണത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തിന് പിന്നാലെ ലെബനാന് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ സന്ദർശനം ​വെട്ടിച്ചുരുക്കി അദ്ദേഹം ഇസ്രായേലിലേക്ക് മടങ്ങുകയും ചെയ്തു. ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിന് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗേരി വിശേഷിപ്പിച്ചത്. ഹിസ്ബുല്ല എല്ലാ അതിർവരമ്പുകളും ലംഘിച്ചു. തങ്ങളുടെ മറുപടിയിൽ ഇത് പ്രതിധ്വനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിന് പിന്നാലെ വലിയ ആക്രമണമാണ് ​തെക്കൻ ലെബനാനിൽ ഇസ്രായേൽ നടത്തിയത്. ഹിസ്ബുല്ലയുടെ ആയുധ സംഭരണ കേ​ന്ദ്രങ്ങളും സൈനിക നിർമിതികളും തകർത്തായി സൈന്യം അറിയിച്ചു. കൂടുതൽ ആക്രമണത്തിനായി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി. ഗോലാൻ കുന്നിലെ ആക്രമണത്തെ അപലപിച്ച് അമേരിക്കയും യൂറോപ്യൻ യൂനിയനും രംഗത്തുവന്നു. അതേസമയം, വ്യാപക യുദ്ധത്തിലേക്ക്​ നീങ്ങരുതെന്ന് ഇവർ​ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടതായാണ് വിവരം. സംഭവത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.

ഗോലാൻ കുന്നുകളിലെ യുദ്ധങ്ങൾ

വളരെ തന്ത്രപ്രധാന പ്രദേശമാണ് ഗോലാൻ കുന്നുകൾ. ലെബനാൻ, ഇസ്രാ​യേൽ, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ​പ്രദേശമാണിത്. നേരത്തേ ഈ പ്രദേശം മുഴുവൻ സിറിയയുടെ കൈവശമായിരുന്നു. 1967ലെ സിക്സ് ഡേ വാറിന് ശേഷം മൂന്നിൽ രണ്ട് ഭാഗവും ഇസ്രായേൽ കൈവശപ്പെടുത്തി. 1973ൽ ഈ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സിറിയ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1981ൽ ഗോലാൻ കുന്നുകൾ ഇസ്രായേലുമായി കൂട്ടിച്ചേർക്കുകയാണെന്ന് അവർ പ്രഖ്യാപിച്ചു.

 

ഗോലാൻ കുന്നുകളിൽ നിരവധി കുട​ിയേറ്റ താമസ കേന്ദ്രങ്ങൾ ഇസ്രായേൽ നിർമിച്ചിട്ടുണ്ട്. 20,000ത്തോളം അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ ഇവിടെ താമസിക്കുന്നു. കൂടാതെ 20,000 ദുറൂസ് അറബികളും ഇവിടെയുണ്ട്. ഷിയാ വിഭാഗത്തിലെ ഇസ്മായിലി ധാരയിൽപെട്ടവരാണ് ഇവർ.

ദുറൂസ് വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്താണ് ശനിയാഴ്ച റോക്കറ്റ് പതിച്ചത്. ഒക്ടോബറിന് ശേഷം ഇതുവരെ 44 ഇ​സ്രായേലികളാണ് ലെബനാൽ അതിർത്തിയിൽ കൊല്ലപ്പെട്ടത്. ഇതിൽ 21 പേർ സൈനികരാണ്. അയേൺ ഡോമിന്റെ മിസൈൽ വിക്ഷേപണത്തറ വരെ ഹിസ്ബുല്ല ആക്രമിച്ച് തകർത്തിരുന്നു. അതേസമയം, ഇസ്രായേൽ നടത്തിയ ആക്രണമത്തിൽ ജൂൺ വരെ 543 പേർ ലെബനാനിൽ കൊല്ല​പ്പെട്ടിട്ടുണ്ട്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News