50 ബന്ദികളെ ഹമാസ് വിട്ടയക്കും; വെടിനിര്‍ത്തല്‍ കരാറിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്
ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലും അധിനിവേശ സേനയുടെ എല്ലാ സൈനിക നടപടികളും നിര്‍ത്തലാക്കും
Update: 2023-11-22 05:15 GMT
ഗസ്സ: ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായിരിക്കുകയാണ്. നാലുദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഇസ്രായേലിന്‍റെ തീരുമാനം ഇന്ന് ഖത്തറിനെ അറിയിക്കും. കരാറിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഖത്തറിൽ നിന്നുണ്ടായേക്കും. വെടിനിര്‍ത്തല്‍ കരാറിന്‍റെ വിശദാംശങ്ങള്‍ ഹമാസ് പുറത്തുവിട്ടു. ബന്ദികളായി പാര്‍പ്പിച്ചിരിക്കുന്നവരില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 50 പേരെ ഹമാസ് വിട്ടയക്കും.
വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന വ്യവസ്ഥകള്‍
- ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലും അധിനിവേശ സേനയുടെ എല്ലാ സൈനിക നടപടികളും നിര്‍ത്തലാക്കും. സൈനിക വാഹനങ്ങളുടെ സഞ്ചാരവും നിര്‍ത്തിവയ്ക്കും
- മെഡിക്കല്‍,ഭക്ഷണ ഇന്ധ വിതരണത്തിനായി നൂറു കണക്കിന് ട്രക്കുകള്‍ ഗസ്സയിലേക്ക് കടത്തിവിടും
- സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക
- നാല് ദിവസത്തേക്ക് തെക്കന്‍ ഗസ്സയിലേക്ക് ഡ്രോണുകള്‍ അയക്കില്ല
- വടക്കന്‍ ഗസ്സയില്‍ ദിവസവും ആറ് മണിക്കൂര്‍ (രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ) ഡ്രോണ്‍ പറത്തില്ല
- വെടിനിർത്തൽ കാലയളവിൽ, ഗസ്സ മുനമ്പിൽ ഇസ്രായേല്‍ ഒരു ഫലസ്തീനിയെ ആക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യരുത്
- സലാ എൽ-ദിൻ സ്ട്രീറ്റിലൂടെ ഫലസ്തീനികളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും