ലബനാനിൽ ഹിസ്ബുല്ല ആസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം; ലക്ഷ്യം ഹിസ്ബുല്ല തലവന്‍ ഹസൻ നസ്റുല്ല
ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുല്ലയെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്
ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രായേലിന്റെ വ്യാപക ബോംബാക്രമണം. തെക്കൻ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിൽ ജനവാസമേഖലയിലെ നാല് കെട്ടിടങ്ങൾ പൂർണമായി തകർത്തു. ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സേന അവകാശപ്പെട്ടു. ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുല്ലയെയും മറ്റ് നേതാക്കളേയും ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹസൻ നസ്‌റുല്ല സുരക്ഷിതനാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ലബനാനിൽ കരയാക്രമണത്തിനായി ഇസ്രായേൽ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാക്കിയതായാണ് വിവരം. സേനയും മറ്റ് യുദ്ധ ടാങ്കറുകളും ലബനാൻ അതിർത്തിയിൽ നിരന്നതായാണ് റിപ്പോർട്ടുകൾ. ഗസ്സയ്ക്കും ലബനാനിനും നേരെയുള്ള ആക്രമണം തുടരുമെന്ന് യുഎൻ പൊതുസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.
ലബനാനിൽ ഈ ആഴ്ച മാത്രം 700ഓളം പേർക്കാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. രണ്ട് ലക്ഷത്തിലേറെ മനുഷ്യർ ഇതിനകം പലായനം ചെയ്തെന്നാണ് കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയുടെ കണക്ക്.