യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇസ്രായേലിൽ പ്രവേശന വിലക്ക്

ഇസ്രായേലിനെതിരായ ഇറാന്റെ ഹീനമായ ആക്രമണത്തെ നിസംശയം അപലപിക്കാൻ കഴിയാത്തവർക്ക് ഇസ്രായേൽ മണ്ണിൽ കാലുകുത്താൻ അർഹതയില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി

Update: 2024-10-02 16:11 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തെൽ അവീവ്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇസ്രായേലിൽ പ്രവേശന വിലക്ക്. ഇസ്രായേലിലുണ്ടായ മിസൈലാക്രമണത്തിൽ ഇറാനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താൻ ഗുട്ടെറസ് തയാറായില്ലെന്ന് ആരോപിച്ചാണ് വിലക്ക്. ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ അപലപിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും ഇസ്രായേൽ ആരോപിച്ചു. ഇസ്രായേലിനെതിരായ ഇറാന്റെ ഹീനമായ ആക്രമണത്തെ നിസംശയം അപലപിക്കാൻ കഴിയാത്തവർക്ക് ഇസ്രായേൽ മണ്ണിൽ കാലുകുത്താൻ അർഹതയില്ലെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടായിരുന്നു കാറ്റ്‌സിന്റെ പ്രതികരണം.

ഗുട്ടറസിനൊപ്പമോ അല്ലാതെയോ ഇസ്രായേൽ സ്വന്തം ജനതയെ സംരക്ഷിക്കുകയും രാജ്യത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുട്ടറസിനെതിരെ ഇസ്രായേൽ 'പേഴ്‌സണ നോൺ ഗ്രാറ്റ' പ്രഖ്യാപിക്കുകയാണെന്നും രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകര സംഘടനകൾക്കെതിരെ ഗുട്ടറസ് ശബ്ദമുയർത്തിയില്ലെന്നും ഇത് യു.എൻ ചരിത്രത്തിലെ ഒരു കളങ്കമായി ഓർമിക്കപ്പെടുമെന്നും കാറ്റ്‌സ് പറഞ്ഞു.

ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യ യുദ്ധഭീഷണിയിലേക്ക് നീങ്ങവെ സംഘർഷത്തെ അപലപിച്ച് ഗുട്ടറസ് രംഗത്ത് വന്നിരുന്നു. എക്‌സിൽ പങ്കുവച്ച കുറിപ്പിൽ മിഡിൽ ഈസ്റ്റിൽ നടക്കുന്ന സംഘർഷത്തെ അപലപിക്കുന്നുവെന്നായിരുന്നു ഗുട്ടറസ് അറിയിച്ചത്. ഇതിന് അവസാനമുണ്ടാകണമെന്നും വെടിനിർത്തൽ വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതിൽ ഇസ്രായേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെകുറിച്ച് അദ്ദേഹം പ്രതികരിച്ചില്ലെന്നും ഇറാന്‍റെ പേര് എടുത്തു പറഞ്ഞില്ല എന്നതുമാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.

.


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News