ഗസ്സയിലെ യു.എൻ ഓഫിസിനും ഇസ്രായേൽ ബോംബിട്ടു; നിരവധി മരണം

ഫലസ്തീൻ അഭയാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയുടെ നൂറിലേറെ ജീവനക്കാരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

Update: 2023-11-12 09:31 GMT
Editor : Shaheer | By : Web Desk
Advertising

ഗസ്സ സിറ്റി: ശനിയാഴ്ച രാത്രിയും തുടർന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ യു.എൻ ഓഫിസും തകർന്നു. ഗസ്സ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം(യു.എൻ.ഡി.പി) കാര്യാലയത്തിനാണ് ഇസ്രായേൽ ബോംബോബിട്ടത്. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി യു.എൻ.ഡി.പി തന്നെ വാർത്താകുറിപ്പിൽ സ്ഥിരീകരിച്ചു.

ഫലസ്തീൻ ജനതയുടെ സാമ്പത്തിക-സാമൂഹിക നിലവാരം ഉയർത്താനായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയാണിത്. 1978ലാണ് പ്രോഗ്രാം ആരംഭിക്കുന്നത്. 1989 മുതൽ ഗസ്സയിൽ ഓഫിസ് തുറന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഇസ്രായേൽ ആക്രമണം കടുത്തതോടെ ഒക്ടോബർ 13നുശേഷം കേന്ദ്രത്തിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. കേന്ദ്രത്തിനു നേരെ ഷെല്ലാക്രമണം നടന്നതായുള്ള റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണെന്നാണ് യു.എൻ.ഡി.പി വാർത്താ കുറിപ്പിൽ പ്രതികരിച്ചത്.

നവംബർ ആറിനുശേഷം നിരവധി സിവിലിയന്മാർ യു.എൻ.ഡി.പി കോംപൗണ്ടിൽ അഭയം തേടിയിരുന്നു. ഇതിനുശേഷവും നിരവധി പേർ ഇവിടെ അഭയാർത്ഥികളായി കഴിഞ്ഞിട്ടുണ്ടെന്ന് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇവരാണ് ഇന്നലത്തെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സിവിലിയന്മാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും യു.എൻ കേന്ദ്രങ്ങളെയുമൊന്നും ആക്രമിക്കരുതെന്ന അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ഫലസ്തീൻ അഭയാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുന്ന യു.എൻ റിലീസ് ആൻഡ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീനിയൻ റെഫ്യൂജീസിന്റെ(യു.എൻ.ആർ.ഡബ്ല്യു.എ) നൂറിലേറെ ജീവനക്കാരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥർ അതിലും ഇരട്ടിയാണ്.

Summary: Several killed after Israel bombed UN development office in Gaza

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News