‘ഞങ്ങൾ പാഠം ഉൾക്കൊള്ളും’; അഭയാർത്ഥി ക്യാമ്പിലെ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ
ആക്രമണത്തിൽ 86 പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭ അറിയിച്ചത്
മധ്യ ഗസയിലെ അൽ മഗാസി അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ സൈന്യം. ആക്രമണത്തിൽ തങ്ങളുടെ ലക്ഷ്യസ്ഥാനമല്ലാത്ത ഭാഗങ്ങളിൽ ബോംബുകൾ പതിക്കുകയും സാധാരണക്കാർക്ക് നാശനഷ്ടം വരുത്തിയതായും അന്വേഷണത്തിൽ മനസ്സിലായതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
യുദ്ധത്തിനിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സമിതിയാണ് അഭയാർഥി ക്യാമ്പിലെ ആക്രമണം അന്വേഷിച്ചത്. ‘യുദ്ധത്തിന്റെ ഭാഗമല്ലാത്തവർക്ക് പരിക്കേറ്റതിൽ ഞങ്ങൾ ഖേദിക്കുന്നു, ഇത്തരം സംഭവങ്ങളിൽനിന്ന് ഞങ്ങൾ പാഠം ഉൾക്കൊള്ളും’ -ഐഡിഎഫ് അറിയിച്ചു.
ഞായറാഴ്ചക്കും തിങ്കളാഴ്ചക്കും ഇടയിലുള്ള രാത്രി അഭയാർഥി ക്യാമ്പിന് സമീപം ഹമാസ് പ്രവർത്തകർ നിലയുറപ്പിച്ച രണ്ട് കേന്ദ്രങ്ങളിലാണ് യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയത്. സാധാരണക്കാർക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാൻ ആക്രമണത്തിന് മുമ്പ് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഇതിന് സമീപമുണ്ടായിരുന്ന അഭയാർഥി ക്യാമ്പിലെ ജനങ്ങൾക്കും പരിക്കേൽക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ മനസ്സിലായതായി സൈന്യം അറിയിച്ചു.
എന്നാൽ, യുദ്ധ വിമാനങ്ങൾ പ്രദേശത്താകെ ബോംബിടുകയായിരുന്നുവെന്നും ഇതാണ് നാശനഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും സൈന്യത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലിലെ കാൻ പബ്ലിക് ബ്രോഡ് കാസ്റ്റ് റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ സൈന്യം യുദ്ധത്തിൽ വിവാദ ആയുധങ്ങൾ ഉപയോഗിച്ചുവെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു.
ആക്രമണത്തിൽ അഭയാർഥി ക്യാമ്പിലെ 86 പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭ അറിയിച്ചത്. അതേസമയം, ആശുപത്രി രേഖകളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 106 പേർ മരിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 0.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മഗാസി അഭയാർത്ഥി ക്യാമ്പിൽ 33,000-ത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്.
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 29,000ന് മുകളിൽ ആളുകൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് ഗസയിലെ സർക്കാർ മീഡിയ ഓഫിസ് അറിയിച്ചു. ഏഴായിരത്തിലധികം പേർ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ഗസ സിറ്റിയിലും വടക്കൻ ഗസ മുനമ്പിലുമുള്ള ഏകദേശം 800,000 പേർ ആശുപത്രികളിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ്.