തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച് ഇസ്രായേലി ഗൂഢസംഘം; ഇന്ത്യയിലും ഇടപെട്ടെന്ന് റിപ്പോര്‍ട്ട്

33 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും 27 തവണ ലക്ഷ്യം നേടിയെന്നും വെളിപ്പെടുത്തല്‍

Update: 2023-02-16 05:48 GMT

തല്‍ ഹനാന്‍

Advertising

ഡല്‍ഹി: സമൂഹ മാധ്യമങ്ങളെ മറയാക്കി നിരവധി രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് അട്ടിമറികളും വ്യാജപ്രചാരണവും നടത്തുന്ന ഇസ്രായേലി ഗൂഢസംഘത്തിന്റെ വിവരങ്ങൾ പുറത്ത്. അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മയായ ഫോർബിഡൻ സ്റ്റോറീസാണ് ആറു മാസം നീണ്ട അന്വേഷണത്തിലൂടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യയടക്കം 30ലേറെ രാജ്യങ്ങളിലെ ഇസ്രായേല്‍ സംഘത്തിന്‍റെ ഇടപെടലുണ്ടായെന്നാണ് ഒളിക്യാമറാ ഓപ്പറേഷനിലെ വെളിപ്പെടുത്തല്‍. ടീം ഹോഹെ എന്നാണ് സംഘം അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകളിലൂടെയാണ് ഇവര്‍ ഇടപെടല്‍ നടത്തിയത്. ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചു. മുന്‍ ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ തല്‍ ഹനാന്‍റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. ട്വിറ്ററും ഫേസ് ബുക്കും യൂട്യൂബും ജി മെയിലും ലിങ്ക്ഡിനും വരെ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് വെളിപ്പെടുത്തല്‍.

ആഫ്രിക്കയിലെ ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാധ്യമസംഘം തല്‍ ഹനാനെ സമീപിച്ചത്. നുണപ്രചാരണത്തിനായി എങ്ങനെയാണ് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെന്ന് തല്‍ ഹനാന്‍ വിശദീകരിക്കുന്നത് മാധ്യമ സംഘം ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോകത്തെ 33 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും 27 തവണ ലക്ഷ്യം നേടിയെന്നും തല്‍ ഹനാന്‍ അവകാശപ്പെട്ടു. ഇന്ത്യൻ വ്യവസായ സ്ഥാപനത്തിലെ വാണിജ്യ തർക്കം പരിഹരിക്കാനും ഇടപെട്ടെന്ന് വെളിപ്പെടുത്തലുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വലിയ കമ്പനികള്‍ക്കായി പലരെയും വിവാദത്തില്‍പ്പെടുത്തിയെന്നും പലരെയും മോശമായി ചിത്രീകരിച്ചെന്നും തല്‍ ഹനാന്‍ ഒളിക്യാമറയില്‍ വെളിപ്പെടുത്തി.

Summary- An Israeli firm sought to influence more than 30 elections around the world for clients by hacking, sabotage and spreading disinformation, according to an undercover media investigation published today.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News