ഗസ്സയിൽ വെടിനിർത്തലിന് കരാറായി; വെടിനിർത്തൽ തുടങ്ങുന്ന സമയം 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് ഖത്തർ
കരാർ പ്രകാരം നാല് ദിവസം എല്ലാ സൈനിക നടപടികളും നിർത്തിവെക്കും.
ദോഹ: ഹമാസും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് കരാറെന്ന് ഖത്തർ. വെടിനിർത്തൽ സമയം 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് ഖത്തർ അറിയിച്ചു. നാല് ദിവസത്തേക്കാണ് വെടിനിർത്തൽ. കരാറിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു.
കരാർ പ്രകാരം നാല് ദിവസം എല്ലാ സൈനിക നടപടികളും നിർത്തിവെക്കും. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 50 ബന്ദികളെ മോചിപ്പിക്കും. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 150 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും. ഗസ്സയിലേക്ക് ഇന്ധനങ്ങളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകൾ ഗസ്സയിലെത്തും. ഗസ്സക്കുമേലുള്ള ഇസ്രായേലിന്റെ നിരീക്ഷണ വിമാനങ്ങൾ ദിവസവും ആറ് മണിക്കൂർ നിർത്തിവെക്കും. തെക്കൻ ഗസ്സയിൽനിന്ന് വടക്കൻ ഗസ്സയിലേക്ക് സ്വതന്ത്ര സഞ്ചാരവും അനുവദിക്കും.
കഴിഞ്ഞ ദിവസം നീണ്ട ഇസ്രായേൽ മന്ത്രിസഭാ യോഗമാണ് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്. കടുപ്പമേറിയതാണെങ്കിലും ശരിയായ തീരുമാനമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളുടെ മോചനത്തിന്റെ ആദ്യഘട്ടമാണ് വെടിനിർത്തൽ. ബന്ദികളുടെ മോചനഘട്ടം പിന്നിടുന്നതോടെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കി.