ഹമാസിന്‍റെ വെടിനിർത്തൽ കരാർ സ്വീകാര്യമല്ലെന്ന് ഇസ്രായേൽ; കര,വ്യോമ,നാവികാക്രമണം കൂടുതൽ ശക്തമാക്കി
എത്ര സമയമെടുത്താലും ഹമാസിനെ അമർച്ച ചെയ്യാതെ യുദ്ധത്തിൽ പിറകോട്ടില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു
തെല്‍ അവിവ്: ഹമാസുമായി വെടിനിർത്തൽ കരാർ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ ഇസ്രായേൽ കര,വ്യോമ, നാവികാക്രമണം കൂടുതൽ ശക്തമാക്കി. എത്ര സമയമെടുത്താലും ഹമാസിനെ അമർച്ച ചെയ്യാതെ യുദ്ധത്തിൽ പിറകോട്ടില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു. ശക്തമായ ചെറുത്തുനിൽപ്പിലൂടെ ഇസ്രായേൽ കരസേനക്ക് കനത്ത ആഘാതം വരുത്തിയതായി ഹമാസ്. ബന്ദികളിൽ നിന്ന് ഒരു വനിതാ സൈനികയെ മോചിപ്പിക്കാനായത് വലിയ നേട്ടമാണെന്ന് ഇസ്രായേല്‍.
വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളിയതോടെ ഗസ്സയിൽ ആക്രമണം കൂടുതൽ രൂക്ഷമായി. നൂറിലേറെ കേന്ദ്രങ്ങളിൽ പിന്നിട്ട 24 മണിക്കൂറുകൾക്കിടയിൽ ബോംബ് വർഷിച്ചതായി ഇസ്രായേൽ സൈന്യം. ഗസ്സയിൽ മരണ സംഖ്യ 8500 കടന്നതായാണ് റിപ്പോർട്ട്. ഈ ഘട്ടത്തിൽ വെടിനിർത്തിയാൽ ഹമാസിനാകും അത് പ്രയോജനപ്പെടുകയെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചു. ഗസ്സയിൽ ആശുപത്രികൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം തുടർന്നു.
തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയ നൂറുകണക്കിനാളുകളെ രക്ഷിക്കാൻ വയ്യാത്ത സാഹചര്യമാണുള്ളതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം. വെള്ളം, മരുന്ന്, ഭക്ഷണം, ഇന്ധനം എന്നിവ എത്തിക്കാനുള്ള അന്താരാഷ്ട്ര ഏജൻസികളുടെ മുറവിളികൾക്കും പ്രതികരണമില്ല. ഘട്ടം ഘട്ടമായി സഹായം വർധിപ്പിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി അമേരിക്ക പ്രതികരിച്ചു. ഗസ്സയിൽ കടന്നുകയറിയ ഇസ്രായേൽ ടാങ്കുകൾക്കു നേരെ കടുത്ത പ്രതിരോധം തുടരുകയാണെന്ന് ഹമാസ്. കരയുദ്ധം കൂടുതൽ വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് തങ്ങളെന്ന് ഇസ്രായേൽ സൈന്യം. ഹമാസ് പിടിയിലുള്ള വനിതാ സൈനികയെ മോചിപ്പിച്ചത് എങ്ങനെയെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും സൈനിക നേതൃത്വം.
ബന്ദികളെ വെച്ചുമാറാമെന്ന ഹമാസ് നിർദേശവും ഇസ്രായേൽ തള്ളി. നെതന്യാഹുവിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മൂന്ന് ഇസ്രായേൽ വനിതാ ബന്ദികളുടെ വീഡിയോ ഹമാസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ക്രൂര മാനസിക പ്രോപഗാണ്ടയാണിതെന്ന് ഇസ്രായേൽ പ്രതികരിച്ചു. ലബനാനിൽ നിന്നുള്ള ഹിസ്ബുല്ല ആക്രമണം രാത്രിയിലും തുടർന്നു. ഇസ്രായേൽ സൈന്യം തിരിച്ചടിച്ചു. യുദ്ധവ്യാപ്തി ഉണ്ടായാൽ ഇറാനും ഇറാൻ അനുകൂല മിലീഷ്യകൾക്കുമെതിരെ അമേരിക്ക ഇടപെടുമെന്ന സൂചനയാണ് ഇസ്രായേലും പെൻറഗണും നൽകുന്നത്.