ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു; ബന്ദികളിൽ ഒരു വിഭാഗത്തെ വിട്ടയച്ച് വെടിനിർത്തലിന് തിരക്കിട്ട നീക്കം
ഖത്തർ മധ്യസ്ഥതയിൽ ഒരുപറ്റം ബന്ദികളെ വരെ കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്
തെല്‍ അവിവ്: മാനുഷിക ദുരന്തത്തിന്റെ വക്കിലെത്തിയ ഗസ്സക്കു നേരെ ഇസ്രായേൽ ആക്രമണം വീണ്ടും ശക്തമായിരിക്കെ, ബന്ദികളിൽ ഒരു വിഭാഗത്തെ വിട്ടയച്ച് വെടിനിർത്തലിന് അവസരം സൃഷ്ടിക്കാൻ തിരക്കിട്ട നീക്കം. ഖത്തർ മധ്യസ്ഥതയിൽ ഒരുപറ്റം ബന്ദികളെ വരെ കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്. അമേരിക്കൻ ഇന്‍റലിജന്‍സ് ഏജൻസി ഡയറക്ടർ ഇന്ന് ഖത്തറിലെത്തും. അറബ്, മുസ്ലിം രാജ്യങ്ങളുടെ നിർണായക നേതൃയോഗങ്ങൾക്ക് സൗദി വേദിയാകും. യുദ്ധാനന്തര ഗസ്സയുടെ ഭാവി നിർണയിക്കുന്ന ചർച്ചകളിൽ തങ്ങളുണ്ടാകില്ലെന്ന് ജോർദാൻ അറിയിച്ചു.
വെള്ളവും ഭക്ഷണവും മരുന്നും ഇന്ധനവും നിഷേധിച്ച് എല്ലാ അർഥത്തിലും ഗസ്സയെ യഥാർഥ ശവപ്പറമ്പാക്കി മാറ്റുകയാണ് ഇസ്രായേൽ. ഗസ്സയിൽ കൂടുതൽ ഉള്ളോട്ട് കയറിയ കരസൈന്യം നിരവധി കൂട്ടക്കുരുതികളിലൂടെ നൂറുകണക്കിന് ഫലസ്തീനികളെ ഇന്നലെ രാത്രിയും കൊന്നൊടുക്കി. താമസ കേന്ദ്രങ്ങളും ആശുപത്രികളും പള്ളികളും തെരഞ്ഞു പിടിച്ചാണ് ആക്രമണം. സൈന്യത്തിനെതിരെ ധീരമായ പോരാട്ടം തുടരുകയാണെന്ന് ഹമാസ് സൈനിക വിഭാഗം. നൂറുകണക്കിന് ഇസ്രായേൽ സൈനിക വാഹനങ്ങൾ തകർത്തതായും ഹമാസ്. വടക്കൻ ഗസ്സയിലെ രണ്ട് വസതികളിൽ നടന്ന ബോംബിങ്ങിൽ മാത്രം 30 പേർ കൊല്ലപ്പെട്ടു.
ഇന്നലെ വരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10.569 ആണ് ഇവരിൽ 4324 പേരും കുട്ടികൾ. ഇന്ധനം തീർന്നതോടെ ഗസ്സയിലെ അൽ ഔദ ആശുപത്രിയുടെ പ്രവർത്തനവും ഏറെക്കുറെ നിലച്ചു. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കാനും ഇന്ധനം ഉറപ്പാക്കാനുമുള്ള നീക്കങ്ങൾ ഇസ്രായേൽ വിലക്ക് കാരണം മുന്നോട്ടു പോയില്ല. അഭയാർഥികളായവർക്കു നേരെയും നിരന്തര ആക്രമണം തുടർന്നു. ലബനനിൽ നിന്നുള്ള ആക്രമണം രൂക്ഷമായതോടെ ശക്തമായി തിരച്ചടിച്ചതായി ഇസ്രായേൽ സൈന്യം. ഹിസ്ബുല്ലയുടെ സൈനിക സംവിധാനം തകർത്തതായും ഇസ്രായേൽ. അമേരിക്കൻ ചാരവിമാനം വെടിവെച്ചിട്ടതായി യെമനിലെ ഹൂത്തികൾ.
ഗസ്സയിൽ തുടരുന്ന ക്രൂരതകൾ ഇസ്രായേലിനോടുള്ള ലോകത്തിന്റെ അനുഭാവം നഷ്ടപ്പെടുത്തിയെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. ഗസ്സയിൽ ഇസ്രായേലിന്റെ സൈനിക ഓപറേഷനിൽ ഗുരുതര തെറ്റ് സംഭവിച്ചതിന്റെ തെളിവാണ് കൂട്ടക്കുരുതിയെന്നും ഗുട്ടറസ്. യുദ്ധാനന്തര ഗസ്സയുടെ ഭാവിസുരക്ഷ തങ്ങൾക്ക് തന്നെയാകുമെന്ന ഇസ്രായേൽ വാദം തള്ളി അമേരിക്ക. ഗസ്സയുടെ ഭാവി തീരുമാനിക്കേണ്ടത് ഫലസ്തീൻ ജനത തന്നെയാണെന്നും യു.എസ് നേതൃത്വം. ഗസ്സയുടെ ഭാവിയെ കുറിച്ച നിർദേശങ്ങൾ തീർത്തും അസ്വീകാര്യമാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അറബ് ലീഗ് മന്ത്രിതല യോഗം ഇന്ന് സൗദിയിൽ ചേരും. ഇറാൻ പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഒ.ഐ.സി അടിയന്തര യോഗം ശനിയാഴ്ച നടക്കും.