തീരാദുരിതത്തിൽ ഗസ്സ; ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ വലഞ്ഞ് ജനം
ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളുമെത്തി
ഗസ്സ സിറ്റി: ഗസ്സയിൽ തുടർച്ചയായ അഞ്ചാംദിവസവും ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുന്നു. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ തീരാദുരിതത്തിലാണ് ഗസ്സനിവാസികൾ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 900 കടന്നു. മരണസംഖ്യക്കൊപ്പം പരിക്കേറ്റവരുടെ എണ്ണവും ഉയരുകയാണ്. 4500 പേർക്കാണ് പരിക്ക്. ഹമാസ് ആക്രമണത്തിൽ ആയിരം പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളുമെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ നാളെ ഇസ്രായേലിൽ എത്തും. ഗസ്സ ആക്രമണത്തിൽ ഹമാസ് മന്ത്രിയും രാഷ്ട്രീയകാര്യ ബ്യൂറോ അംഗവുമായ ജവാദ് അബൂ ശമാല കൊല്ലപ്പെട്ടു. സകരിയ്യ അബൂ മുഅമ്മർ എന്ന ഹമാസ് നേതാവിനെയും ഇസ്രായേൽ കൊലപ്പെടുത്തി. രാത്രി നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാൻ പോലും സാധിച്ചില്ലെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ടു ലക്ഷത്തിലേറെ പേർക്ക് ഗസ്സയിൽ വീടുകൾ നഷ്ടപ്പെട്ടതായി യു.എൻ അറിയിച്ചു. മൂന്നു ലക്ഷത്തി അറുപതിനായിരം റിസർവ് സൈനികരെയാണ് ഇസ്രായേൽ ഒരുക്കി നിർത്തിയിരിക്കുന്നത്. ഹമാസ് പിടിയിലുള്ള തടവുകാരെ മേചിപ്പിക്കാൻ ഇടപെടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. തടവുകാരിൽ 14 യു.എസ് പൗരൻമാരും ഉൾപ്പെടും. യുദ്ധഭീതി കനത്തതോടെ തങ്ങളുടെ പൗരൻമാരെ ഇസ്രായേലിൽ നിന്ന് ഒഴിപ്പിക്കാനും രാജ്യങ്ങൾ നീക്കമാരംഭിച്ചു. ഇതിനായി പ്രത്യേക വിമാനം അയക്കണമെന്ന് ജർമനി അറിയിച്ചു.