യുഎസ് സമ്മർദം; ഗസ്സയിൽനിന്ന് ആയിരക്കണക്കിന് സൈനികരെ പിൻവലിച്ച് ഇസ്രായേൽ

പിന്മാറ്റത്തില്‍ ഇസ്രായേല്‍ സൈനിക നേതൃത്വത്തിന് അതൃപ്തി

Update: 2024-01-19 06:37 GMT
Editor : abs | By : Web Desk
Advertising

വാഷിങ്ടൺ: അമേരിക്കൻ സമ്മർദത്തിന് പിന്നാലെ ഗസ്സയിൽനിന്ന് ആയിരക്കണക്കിന് സൈനികരെ ഇസ്രായേൽ പൻവലിച്ചെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ഇസ്രായേൽ ഉദ്യോഗസ്ഥർ അതൃപ്തി അറിയിച്ചിട്ടും ട്രൂപ്പുകളെ പൻവലിക്കാൻ യുഎസ് നിർബന്ധിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. ഹമാസിനെ ഇല്ലാതാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാൻ സേനാ പിന്മാറ്റം മൂലമാകില്ല എന്നാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

സംഘർഷം തുടരുന്ന ലബനൻ അതിർത്തി, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ കൂടുതൽ സേനാ വിന്യാസം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 36-ാം ഡിവിഷനെ ഗസ്സയിൽനിന്ന് സമ്പൂർണമായി പിൻവലിച്ചെന്നാണ് ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കിയത്. വിശ്രമത്തിനും പരിശീലനത്തിനുമാണ് ഡിവിഷനെ പിൻവലിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. വടക്കൻ ഗസ്സ, മധ്യഗസ്സ, തെക്കൻ ഗസ്സ എന്നിവിടങ്ങളിൽ ഓരോ ഡിവിഷൻ സൈനികർ വീതമാണ് ഇപ്പോൾ ഇസ്രായേലിനുള്ളത്. ഹമാസ് ശക്തികേന്ദ്രമായ ഖാൻയൂനിസിലെ സേനാവിന്യാസം വർധിപ്പിച്ചതായും ഹഗാരി കൂട്ടിച്ചേര്‍ത്തു. 

സേനാ പിന്മാറ്റം കൂടുതൽ സിവിലിയന്മാരെ വടക്കൻ ഗസ്സയിലേക്ക് തിരികെ വരാൻ സഹായിക്കുമെന്ന് റിട്ട. ഇസ്രായേലി ജനറൽ ജിയോ ഐലാൻഡ് വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. എന്നാൽ ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇസ്രായേലിന് ആകില്ലെന്ന് ലണ്ടൻ കിങ്‌സ് കോളജിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ആരോൺ ബ്രഗ്മാൻ ചൂണ്ടിക്കാട്ടുന്നു. 'ഇസ്രായേൽ ഇക്കാര്യം അംഗീകരിച്ചാലും ഇല്ലെങ്കിലും, ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഇസ്രായേലിന് കൈവരിക്കാൻ സാധിക്കില്ല. ഇപ്പോഴും ഭാവിയിലും' - അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ ആക്രമണത്തിൽ വടക്കൻ ഗസ്സയിലെ 80 ശതമാനം ആളുകളും കിഴക്കു ഭാഗത്തേക്ക് ഒഴിഞ്ഞുപോയതായി പത്രം പറയുന്നു. മേഖലയിലെ മൂന്നിൽ രണ്ട് കെട്ടിടങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്. ഗസ്സ മുനമ്പ് തകർച്ചയുടെ വക്കിലാണെന്നും കുട്ടികളും സ്ത്രീകളും ഭീതിതമായ സാഹചര്യത്തിലൂടെയാണ് മുമ്പോട്ടു പോകുന്നതെന്നും യുഎൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു. 

അതിനിടെ, ഗസ്സ വിഷയത്തിൽ ഇസ്രായേൽ യുഎസും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ വർധിച്ചു വരുന്നതായി അൽ ജസീറ റിപ്പോർട്ടു ചെയ്യുന്നു. മേഖലയിലെ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പരിഹാരമെന്ന് ബൈഡൻ ഭരണകൂടം കരുതുന്നു. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇത് തള്ളുകയാണ്. ഗസ്സ സമ്പൂർണമായി ഇസ്രായേൽ നിയന്ത്രണത്തിന് കീഴിലാക്കും എന്നാണ് കഴിഞ്ഞ ദിവസം ചേർന്ന യുദ്ധ ക്യാബിനറ്റിൽ നെതന്യാഹു പ്രഖ്യാപിച്ചത്. 

Summary: Israel has withdrawn soldiers from the Gaza 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News