ലബനാനിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം; തിരിച്ചടിച്ച് ഹിസ്ബുല്ല
തെക്കൻ ലബനാനിൽ കരയാക്രമണം തുടങ്ങിയ ഇസ്രായേലിന് കാര്യമായ നേട്ടമുണ്ടാക്കാനാവാതെ വന്നതോടെ വ്യോമാക്രമണം കടുപ്പിക്കുകയാണ്
ബെയ്റൂത്ത്: ഒരേസമയം ലബനാനിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ വ്യാപകമായ പ്രത്യാക്രമണവും തുടരുകയാണ്. സംഘർഷം വ്യാപിക്കുന്നതിനിടെ ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ലബനാനിന് ഐക്യദാർഢ്യമറിയിച്ച് കൂറ്റൻ റാലി നടന്നു.
തെക്കൻ ലബനാനിൽ കരയാക്രമണം തുടങ്ങിയ ഇസ്രായേലിന് കാര്യമായ നേട്ടമുണ്ടാക്കാനാവാതെ വന്നതോടെ വ്യോമാക്രമണം കടുപ്പിക്കുകയാണ് . ബെയ്റൂത്തില്‍ ആരോഗ്യ പ്രവർത്തകരടക്കം 37 പേരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. 151 പേർക്ക് പരിക്കേറ്റു. ഹിസ്ബുല്ല നേതാവ് ഹാശിം സൈഫുദ്ദീനെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂത്തിലെ ആക്രമണം . ലബനാനിനു പുറമെ ഗസ്സയിലും വെസ്റ്റ്ബാങ്കിലുമെല്ലാം കനത്ത വ്യോമാക്രമണമാണ് ഇസ്രായേൽ സൈന്യം നടത്തിയത്. വെസ്റ്റ്ബാങ്കിലെ തുൽകരിം അഭയാർഥി ക്യാന്പിനു നേരെയുണ്ടായ ആക്രമണത്തിൽ 18 പേരും ഗസ്സയിലെ ഖാൻയൂനുസിലും ദൈറുൽ ബലായിലും ബോംബാക്രമണത്തിൽ 9 പേരും കൊല്ലപ്പെട്ടു.
ഇസ്രായേലിനെതിരായ ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തമാണ് . വടക്കൻ ഇസ്രായേലിലേക്കും ഹൈഫയിലേക്കുമടക്കം നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. നവാതിം സൈനിക ക്യാമ്പും ഗോലാൻ എയർ ബേസുമടക്കം സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണങ്ങൾ . കഴിഞ്ഞ ദിവസം ഇറാഖിൽ നിന്നുളള റോക്കറ്റാക്രമണത്തിൽ ഇസ്രായേലിന്‍റെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചു .
ഗോലാനി ബ്രിഗേഡിലെ സിഗ്നൽ ഓഫീസർ ഡാനിയൽ അവീവ് ഹൈം സോഫർ , ഐടി സ്പെഷ്യലിസ്റ്റ്ക്യാപ്റ്റൻ ടാൽഡ്രോർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവിടെ 24 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയിലെ ഇറാന്‍റെ മിസൈലാക്രമണം മൊസാദ് ആസ്ഥാനത്തും മറ്റു സൈനിക കേന്ദ്രങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ യമനിലെ ഹൂത്തി സ്വാധീന മേഖലകളെ ലക്ഷ്യമിട്ട് അമേരിക്കൻ ബ്രിട്ടീഷ് സൈന്യം വ്യോമാക്രമണം നടത്തി. തലസ്ഥാനമായ സൻആയിലും ഹുദൈദ വിമാനത്താവളത്തിലും ധാമർ പട്ടണത്തിലും ആക്രമണം നടത്തിയതായി യമനിലെ അൽ- മസീറ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പങ്കില്ലെന്ന് ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ലബനാന് ഐക്യദാർഢ്യമറിയിച്ച് നടന്ന റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.