ഗസ്സയിലെ സാധാരണക്കാരെ അർധ നഗ്നരായി തടവിലാക്കി ഇസ്രയേൽ, നാസി ക്യാമ്പിലേത് പോലെയെന്ന് ഹമാസ്

ഫലസ്തീൻ പ്രതിരോധത്തിന് മുമ്പിൽ കുഴങ്ങിയ സയണിസ്റ്റുകൾ സാധാരണക്കാരായ തടവുകാരുടെ വസ്ത്രം അഴിപ്പിച്ച് പ്രതികാരമെടുക്കുകയാണെന്ന് ഹമാസ് വക്താവ്

Update: 2023-12-08 15:49 GMT
Advertising

ഗസ്സ സിറ്റി: ഗസ്സയിലെ സാധാരണക്കാരെ അർധ നഗ്നരായി തടവിലാക്കി ഇസ്രയേൽ സൈന്യം. നൂറോളം വരുന്ന തടവുകാരുടെ മേൽവസ്ത്രം ഉരിഞ്ഞ് അജ്ഞാത പ്രദേശത്ത് മുട്ടുകുത്തി നിർത്തിയ ചിത്രം വ്യാഴാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. തടവുകാരെ സൈനിക ട്രക്കുകളിൽ കയറ്റിക്കൊണ്ടുപോകുകയും തെരുവിൽ ഇരുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സൈന്യത്തിന്റെ ഉത്തരവ് ഉടൻ പാലിക്കാത്തതിന്റെ പേരിൽ കുറഞ്ഞത് ഏഴ് തടവുകാരെയെങ്കിലും വെടിവെച്ചുകൊന്നതായി യൂറോ മെഡിറ്റേറിനൻ ഹ്യൂമൻ റൈറ്റ്‌സ് മോണിറ്ററിനെ ഉദ്ധരിച്ച് മിഡിൽഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. 

വടക്കൻ ഗസ്സ മുനമ്പിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നൽകുന്ന വീടുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമായി പുരുഷന്മാരെ പിടികൂടിയതായാണ് വിവരം. ദിവസങ്ങളോളം ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ - ആലെപ്പോ സ്‌കൂളുകൾ വളഞ്ഞ ഇസ്രായേൽ സൈന്യം വ്യാഴാഴച അവിടേക്ക് ഇരച്ചുകയറിയിരുന്നു. തുടർന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്ത സൈന്യം സ്ത്രീകളെയും കുഞ്ഞുങ്ങളുടെയും ഓടിപ്പോകാൻ അനുവദിച്ചു. അറസ്റ്റ് ചെയ്ത പുരുഷന്മാരെ സൈനികർ ക്രൂരമായി മർദിച്ചതായും മോണിറ്റർ പറഞ്ഞു.

വസ്ത്രങ്ങൾ അഴിച്ചുമാറ്റി, കണ്ണുകൾ മൂടുകയും കൈകൾ കെട്ടുകയും ചെയ്ത നിലയിലുള്ള ഡസൻ കണക്കിന് പുരുഷന്മാരുടെ ചിത്രങ്ങളും വീഡിയോകളും ഇസ്രയേലി ടെലിഗ്രാം പേജുകളിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രക്കുകളിൽ കയറ്റുന്നതിന് മുമ്പുള്ള ചില വീഡിയോകൾ ഒരു റെസിഡൻഷ്യൽ ഏരിയയിൽ നിന്നുള്ളതും മറ്റൊന്ന് തുറന്ന മണൽ പ്രദേശത്ത് തടവുകാരെ അണിനിരത്തിയതായുമുള്ളതാണ്. ഈ സ്ഥലം എവിടെയാണെന്നത് വ്യക്തമല്ല.

അൽ അറബി അൽ ജദീദിനായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ ദിയാ അൽ ഖാലൂദിനെ തടവുകാരുടെ കൂട്ടത്തിൽനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തടവിലാക്കപ്പെട്ടവരിൽ ഡോക്ടർമാർ, അക്കാദമിക രംഗത്തുള്ളവർ, മാധ്യമപ്രവർത്തകർ, വയോധികർ തുടങ്ങിയവരുണ്ടെന്ന് യൂറോ മെഡിറ്റേറിനൻ ഹ്യൂമൻ റൈറ്റ്‌സ് മോണിറ്റർ റിപ്പോർട്ട് ചെയ്തു.

അതേസമയം, തടവുകാരിൽ ചില ഹമാസ് പോരാളികളുണ്ടാകുമെന്ന് ചില ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഒസാമ ഹംദാൻ ഈ വാദം നിഷേധിച്ചു. ഹമാസ് അംഗങ്ങളെ കൂട്ടമായി അറസ്റ്റ് ചെയ്തിട്ടില്ലെന്നും നാസി കോൺസൻട്രേഷൻ ക്യാമ്പിൽ കൊണ്ടുപോകുന്നത് പോലെയാണ് തടവുകാരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സൈനിക നീക്കവുമായി ഒരു ബന്ധവുമില്ലാത്ത നിരായുധരായ ജനങ്ങളെ അറസ്റ്റ് ചെയ്യുകയും അപമാനിക്കുകയുമാണ് ചെയ്യുന്നതെന്ന് ഒസാമ ഹംദാൻ അൽ അറബി ടിവിയോട് പറഞ്ഞു.

ഫലസ്തീൻ പ്രതിരോധത്തിന് മുമ്പിൽ കുഴങ്ങിയ സയണിസ്റ്റുകൾ സാധാരണക്കാരായ തടവുകാരുടെ വസ്ത്രം അഴിപ്പിച്ച് പ്രതികാരമെടുക്കുകയാണെന്ന് ഹമാസ് വക്താവായ ഇസ്സത് അൽ റിഷേഖ് വിമർശിച്ചു. ഇസ്രായേൽ തടവിലാക്കിയവരിൽ ഒരാൾ വിദ്യാർഥിയും മറ്റൊരാൾ കടയിലേക്ക് പോയ ആളുമാണെന്നും സൈനിക നീക്കവുമായി അവർക്ക് ബന്ധമില്ലെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.

തടവുകാരെ ഇസ്രായേൽ കൈകാര്യം ചെയ്ത രീതിയിൽ അൽ ഹഖ് ഹ്യൂമൻ റൈറ്റ്‌സ് സംഘടന ഡയറക്ടർ ഷവാൻ ജബാരിൻ ആശങ്ക വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധത്തിൽ തടവുകാരെ കൈാര്യം ചെയ്തത് ഓർമിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒക്‌ടോബർ ഏഴിന് വടക്കൻ ദക്ഷിണ ഇസ്രായേലിൽ നടന്ന ആക്രമണത്തിന് ശേഷം നൂറുകണക്കിന് ഫലസ്തീനികളെ ഗസ്സ മുനമ്പിൽനിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പിടികൂടിയതായി ഇസ്രായേൽ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 17,100 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ഭാഗത്ത് 1150 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പറയുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News