ലബനാന് നേരെയുള്ള യുദ്ധ സന്നാഹം ശക്തമാക്കി ഇസ്രായേൽ; ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് അർമേനിയയും
കൂടുതൽ ആയുധങ്ങൾ ലഭിച്ചാൽ ഹമാസിനെയും ഹിസ്ബുല്ലയെയും അമർച്ച ചെയ്യാനാവുമെന്ന നിലപാടിലാണ് ഇസ്രായേൽ
ബെയ്റൂത്ത്: ലബനാനു നേരെയുള്ള യുദ്ധ സന്നാഹം ശക്തമാക്കി ഇസ്രായേൽ. അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ സമ്മർദങ്ങൾക്കിടയിലാണ് ഇസ്രായേൽ നീക്കം. ഹിസ്ബുല്ലയുമായുള്ള തുറന്ന യുദ്ധം മേഖലാ യുദ്ധമായി മാറുമെന്ന അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ചാണ് അതിർത്തിയിൽ യുദ്ധസന്നാഹങ്ങൾ ഇസ്രായേൽ വിപുലമാക്കുന്നത്. ഇസ്രായേൽ സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല സംഘം അമേരിക്കയിൽ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിൻകെൻ, ദേശീയ സുരക്ഷാവിഭാഗം മേധാവി ജെയ്ക് സല്ലിവൻ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂടുതൽ ആയുധങ്ങൾ ലഭിച്ചാൽ ഹമാസിനെയും ഹിസ്ബുല്ലയെയും അമർച്ച ചെയ്യാനാവുമെന്ന നിലപാടിലാണ് ഇസ്രായേൽ. ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള ഹിസ്ബുല്ല ആക്രമണത്തിന് പ്രത്യാക്രമണമായി ലബനാനിലെ അൽ ജബൽ, തൊയ്ബെ, തലൂസ എന്നിവിടങ്ങളിൽ ഇസ്രായേൽ പോർവിമാനങ്ങൾ ബോംബിട്ടു. ഇറാന്റെ മിലിഷ്യയായ ഹിസ്ബുല്ലയെ പരാജയപ്പെടുത്താൻ ലോകം ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കണമെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാത്സ് ആവശ്യപ്പെട്ടു. ലബനാന്റെ സുരക്ഷ ഉറപ്പാക്കാൻ ഹിസ്ബുല്ല പൂർണ സജ്ജമാണെന്നും ഇസ്രായേൽ നീക്കം മേഖലായുദ്ധത്തിലേക്ക് നയിക്കുമെന്നും ഇറാൻ പ്രതിനിധി സംഘം യു.എന്നിനു മുമ്പാകെ വ്യക്തമാക്കി.
ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂനിയൻ സൈപ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ, റഫയിലെ അഭയാർഥ്യ ക്യാമ്പ് ഉൾപ്പെടെ ഗസ്സയിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ നരമേധത്തിൽ 50ലേറെ പേർ മരണപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കുണ്ട്. വെസ്റ്റ് ബാങ്കിൽ രണ്ട് ഫലസ്തീനികളെ സൈന്യം കൊലപ്പെടുത്തി. നിരവധി പേരെ അറസ്റ്റ് ചെയ്തു. ഗസ്സയിലേക്ക് സഹായം എത്തിക്കാൻ യാതൊരു നീക്കവും ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന് യുനർവ മേധാവി ഫിലിപ്പെ ലസ്സാരിനി പറഞ്ഞു.
അതേസമയം, വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി മാഡ്രിഡിൽ പറഞ്ഞു. പിന്നിട്ട ദിവസങ്ങളിലെ തിരിച്ചടി മറികടന്ന് വെടിനിർത്തൽ യാഥാർഥ്യമാക്കാനുള്ള ശക്തമായ നീക്കം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് അർമേനിയയും രംഗത്തുവന്നു. അതേസമയം, ഗസ്സ നയത്തിൽ പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ രാജിവച്ചു. യു.എസ് സ്റ്റേറ്റ് വകുപ്പിലെ ഇസ്രായേൽ, ഫലസ്തീൻ ഡെപ്യൂട്ടി അസി. സെക്രട്ടറി ആൻഡ്രു മില്ലറാണ് രാജിവച്ചത്. ഇത് ബൈഡൻ ഭരണകൂടത്തിന് പുതിയ തിരിച്ചടിയായി.