റഈസിയുടെ മരണത്തിന് പിന്നിലും പേജർ?; ഹെലിക്കോപ്റ്റർ അപകടത്തിൽ പുതിയ ആരോപണം

2024 മേയ് 20നാണ് ഇറാൻ പ്രസിഡന്റായിരുന്ന ഇബ്‌റാഹീം റഈസി ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്.

Update: 2024-09-23 07:14 GMT
Advertising

തെഹ്‌റാൻ: ലബനാനിലെ പേജർ, വാക്കി ടോക്കി സ്‌ഫോടനങ്ങൾക്ക് പിന്നാലെ ഇറാൻ മുൻ പ്രസിഡന്റ് ഇബ്‌റാഹീം റഈസിയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. റഈസിയുടെ മരണത്തിനിടയാക്കിയ ഹെലിക്കോപ്റ്റർ അപകടം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാൻ പാർലമെന്റ് അംഗം അഹമ്മദ് ബഖ്ഷയെഷ് അർദെസ്താനി പറഞ്ഞു. യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാനിയൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് അഹ്‌വാസെയാണ് അർദെസ്താനിയെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇറാൻ സൈന്യത്തിന്റെ അറിവോടെയാണ് ഹിസ്ബുല്ലക്ക് വേണ്ടി പേജറുകൾ വാങ്ങിയത്. ഇത്തരമൊരു പേജർ റഈസിയും ഉപയോഗിച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചതാവാം ഹെലിക്കോപ്റ്റർ അപകടത്തിന് കാരണമായതെന്നാണ് അർദെസ്താനി ഉയർത്തുന്ന ആരോപണം. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം വിഷയത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. റഈസി പേജർ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ലബനാനിൽ പേജർ, വാക്കി ടോക്കി സ്‌ഫോടനമുണ്ടായത്. ഇതിൽ 30 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പേജറുകളിലും വാക്കി ടോക്കികളിലും നിർമാണത്തിനിടെ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുകയായിരുന്നു എന്നാണ് സൂചന.

2024 മേയ് 20നാണ് ഇറാൻ പ്രസിഡന്റായിരുന്ന ഇബ്‌റാഹീം റഈസി ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. അസർബൈജാൻ അതിർത്തിയിലെ അറസ് നദിയിലെ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഇറാൻ നിയോഗിച്ച കമ്മീഷൻ ഈ മാസം ആദ്യം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News