'അഭിമുഖം പിഴവ്'; വെറുതെ വിട്ട ബന്ദികൾ ഹമാസിനെ പുകഴ്ത്തിയതിൽ ഇസ്രായേലിന് അതൃപ്തി
ഹമാസ് സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും എല്ലാ കാര്യങ്ങളും നോക്കാൻ ആളുണ്ടായിരുന്നുവെന്നുമുള്ള ലിഫ്ഷിറ്റ്സിന്റെ പ്രതികരണമാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്
തെൽ അവീവ്: ഹമാസ് വെറുതെ വിട്ട ബന്ദികൾ അവരെ പുകഴ്ത്തിയതിൽ ഇസ്രായേലിന് അതൃപ്തി. 85കാരിയായ യോഷേവെദ് ലിഫ്ഷിറ്റ്സ്, 79കാരിയായ നൂറിത് കൂപ്പർ എന്നിവരെയാണ് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഹമാസ് ഇന്ന് വിട്ടയച്ചത്. സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും എല്ലാ കാര്യങ്ങളും നോക്കാൻ അവിടെ ആളുണ്ടായിരുന്നുവെന്നും മോചിതരായ ഇസ്രായേലി വനിത യോഷേവെദ് ലിഫ്ഷിറ്റ്സ് പറഞ്ഞിരുന്നു. ഈ പ്രതികരണമാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.
ലിഫ്ഷിറ്റ്സിന്റെ അഭിമുഖം ഒരു 'പിഴവ്' ആയിരുന്നുവെന്ന് ഇസ്രായേൽ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള കാൻ ന്യൂസിനോട് ചില വൃത്തങ്ങൾ പറഞ്ഞു. പത്ര പ്രസ്താവനയ്ക്ക് മുമ്പ് ലിഫ്ഷിറ്റ്സുമായി 'പ്രാഥമിക മീറ്റിംഗ്' നടന്നിരിക്കില്ലായിരുന്നുവെന്നും ആരെങ്കിലും നടത്തിയിരുന്നെങ്കിൽ 'എല്ലാ ചോദ്യങ്ങളും' ഉൾപ്പെട്ടിട്ടില്ലായിരിക്കുമെന്നും പറഞ്ഞു. മിഡിൽ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തനിക്ക് ഹമാസ് മതിയായ ചികിത്സ നൽകിയെന്നടക്കം പറഞ്ഞ ലിഫ്ഷിറ്റ്സിന്റെ പത്രസമ്മേളനത്തിനെതിരെ വിമർശനമുയർന്നതോടെ അതിന് വേദിയായ ഇച്ചിലോവ് ഹോസ്പിറ്റൽ അധികൃതർ രംഗത്ത് വന്നു. ''ബന്ദിക്കും അവരുടെ കുടുംബത്തിനും മാധ്യമങ്ങളെ കാണാൻ അവസരം ഒരുക്കണമെന്നാണ് ഇച്ചിലോവിനോട് ആവശ്യമുയർന്നത്. സന്ദേശങ്ങളുടെ ശൈലിയും ഉള്ളടക്കവും സംബന്ധിച്ച് കുടുംബത്തെ പരിശീലിപ്പിക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല, മറിച്ച് കുടുംബവുമായി നേരിട്ട് ബന്ധമുള്ള ഔദ്യോഗിക സുരക്ഷാ ഉദ്യോഗസ്ഥരുടെയും പിആർ വ്യക്തികളുടെയും ഉത്തരവാദിത്തമാണ്' ആശുപത്രി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഒരുപാട് നാൾ ബന്ദികളെ ഒളിപ്പിക്കാൻ കഴിഞ്ഞ ഹമാസിന് ദീർഘകാല പദ്ധതിയുണ്ടെന്നാണ് കരുതുന്നതെന്നും മോചിതയായ ശേഷം ലിഫ്ഷിറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞു. 'ഓരോ ബന്ദികളെ നോക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും അവരാണ് നോക്കിയത്. എല്ലാറ്റിനെ കുറിച്ചും അവർ ഞങ്ങളോട് സംസാരിച്ചു. ഏറെ സൗഹൃദപൂർവ്വമായിരുന്നു അവരുടെ പെരുമാറ്റം. അവർ ഞങ്ങൾക്ക് ബ്രഡും വെണ്ണയും തന്നു. കൊഴുപ്പു കുറഞ്ഞ പാൽക്കട്ടിയും കക്കിരിയുമായിരുന്നു ഞങ്ങളുടെ ദിനേനയുള്ള ഭക്ഷണം. അവർ നന്നായി തയ്യാറെടുത്ത പോലെയുണ്ട്. ദീർഘനാൾ ഞങ്ങളെ മറച്ചുവയ്ക്കാൻ അവർക്കായി.'- അവർ പറഞ്ഞു.
'അവർ ഞങ്ങളെ ടണലിലേക്കാണ് കൊണ്ടുപോയത്. നനഞ്ഞ ചെളിയിൽ കിലോമീറ്ററുകൾ നടന്നുപോയി. ചിലന്തിവല പോലെ പടർന്നു കിടക്കുന്ന വലിയ ടണൽ സംവിധാനം അവിടെയുണ്ട്. അവിടെയെത്തിയ വേളയിൽ, തങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നവരാണ് എന്നും ഉപദ്രവിക്കില്ലെന്നും അവർ പറഞ്ഞു. ടണലിൽ തങ്ങളുടെ അതേ അവസ്ഥയിൽ, അവരിൽ ഒരാളായി ജീവിക്കാമെന്നും അവർ പറഞ്ഞു. ആവശ്യമുള്ളവർക്ക് അവർ ഡോക്ടർമാരെ എത്തിച്ചിരുന്നു. കിടക്കയിലാണ് ഞങ്ങൾ കിടന്നത്. എല്ലാം വൃത്തിയുള്ളതാണെന്ന് അവർ ഉറപ്പാക്കിയിരുന്നു.' - അവർ കൂട്ടിച്ചേർത്തു.
ഒക്ടോബർ ഏഴിലെ ആക്രമണത്തെ കുറിച്ചും അവർ ഓർത്തെടുത്തു. 'കിബുട്സിൽ ഞങ്ങൾക്കു നേരെ വലിയ ആക്രമണമാണ് ഉണ്ടായത്. മോട്ടോർ സൈക്കിളിലിരുത്തി കാട്ടിലൂടെയാണ് എന്നെ കൊണ്ടുപോയത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. 2.5 ബില്യൺ ചെലവിട്ട് നിർമിച്ച ഇലക്ട്രിക് വേലി ഒക്കെ പൊട്ടിച്ചാണ് ഞങ്ങളെ കൊണ്ടുപോയത്. ആൾക്കൂട്ടം വീടുകൾ കൊള്ളയടിച്ചിരുന്നു. ചിലരെ മർദിച്ചു. ചിലരെ ബന്ദികളാക്കി. അത് വളരെ വേദനാജനകമായിരുന്നു. അങ്ങനെയാണ് ടണലിന് മുമ്പിലെത്തിയത്.' - ലിഫ്ഷിറ്റ്സ് പറഞ്ഞു.
മോചിപ്പിക്കുന്ന വേളയിൽ ഇവർ ഹമാസ് പോരാളിയെ ഹസ്തദാനം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ്, ഹമാസ് സേന സൗഹൃദപൂർവ്വമാണ് പെരുമാറിയത് എന്ന് ലിഫ്ഷിറ്റ്സ് മറുപടി നൽകിയത്. 85കാരിയായ ലിഫ്ഷിറ്റ്സിനെ കൂടാതെ 79 വയസ്സുള്ള നൂറിത് കൂപ്പർ എന്ന വനിതയെയും ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. റെഡ്ക്രോസ് വഴിയായിരുന്നു ഇവരുടെ കൈമാറ്റം. ഇരുവരും ഇപ്പോൾ തെൽ അവീവിലെ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.
ഒക്ടോബർ ഏഴിന് നടന്ന അതിർത്തി ഭേദിച്ച് ഹമാസ് നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ 220 പേരെയാണ് ബന്ദികളാക്കി എന്നാണ് റിപ്പോർട്ട്. ദിവസങ്ങൾക്ക് മുമ്പ് രണ്ട് അമേരിക്കൻ പൗരന്മാരെയും ഹമാസ് മോചിപ്പിച്ചിരുന്നു. മാനുഷിക പരിഗണന വച്ചാണ് ബന്ദികളെ മോചിപ്പിക്കുന്നതെന്ന് ഹമാസ് പറയുന്നു.
Israel is unhappy that the freed hostages praised Hamas