സിറിയൻ അതിർത്തിയിലെ ബഫർ സോണിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ
സിറിയയിലെ മൗണ്ട് ഹെർമണിൽ ചേർന്ന യോഗത്തിൽ പങ്കെടുത്താണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം
തെൽ അവീവ്: സിറിയൻ അതിർത്തിയിലെ ബഫർ സോണിൽനിന്ന് സൈന്യത്തെ തൽക്കാലം പിൻവലിക്കില്ലെന്ന് ഇസ്രയേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു. ഗോലാൻ കുന്നുകളോട് ചേർന്ന ബഫർ സോണിൽനിന്ന് സൈന്യത്തെ പെട്ടെന്ന് പിൻവലിക്കണമെന്ന ആവശ്യം നെതന്യാഹു തള്ളുകയായിരുന്നു.
ഇസ്രയേലിന്‍റെ സുരക്ഷ ഉറപ്പാക്കുന്ന ബദൽ സംവിധാനം വരുന്നതു വരെ സിറിയൻ പ്രദേശത്ത് സൈന്യം തുടരുമെന്ന് നെതന്യാഹു പറഞു. സിറിയയിലെ മൗണ്ട് ഹെർമണിൽ ചേർന്ന യോഗത്തിൽ പങ്കെടുത്താണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ബശ്ശാറുൽ അസദ് ഭരണകൂടത്തെ തകർത്ത് വിമതപക്ഷം സിറിയയിൽ അധികാരം പിടിച്ച സാഹചര്യം മുതലെടുത്തായിരുന്നു ബഫർ സോണിൽ ഇസ്രായേൽ സേനയുടെ കടന്നുകയറ്റം. ബഫർ സോണിൽനിന്ന് സേന ഉടൻ പിൻമാറണമെന്ന് അറബ് രാജ്യങ്ങളും തുർക്കിയും ആവശ്യപ്പെട്ടു വരികയാണ്. സിറിയൻ മണ്ണിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച് ലബനാനിലെ ഹിസ്ബുല്ലക്കെതിരെ നീങ്ങാനും ഇസ്രായേലിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്.
അതിനിടെ, ഗസ്സയിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഗസ്സ സിറ്റിക്ക് സമീപത്തെ ദറജിൽ നടന്ന ആക്രമണത്തിൽ നാലു കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിനു നേർക്ക് മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികൾ അറിയിച്ചു. യെമനിലെ സനായിൽ സുപ്രധാന സൈനിക കേന്ദ്രത്തിനു നേർക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഹൂതികൾ അറിയിച്ചു.
ഗസ്സയിൽ വെടിനിർത്തൽ ചർച്ച അന്തിമഘട്ടത്തിലാണെന്ന് ഇസ്രായേൽ സർക്കാർ. ഇസ്രായേൽ സംഘം ചർച്ചക്കായി ഉടൻ ദോഹയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയാറായിരിക്കെ, വെടിനിർത്തൽ വൈകില്ലെന്നാണ് പ്രതീക്ഷയെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് പ്രതികരിച്ചു.