'അസ​ദ് ഭരണകൂടത്തിൻ്റെ തകർച്ചക്ക് പിന്നിൽ തുർക്കി പ്രസിഡൻ്റ് ഉർദുഗാൻ': ട്രംപ്

അസദ് ഒരു കശാപ്പുകാരനായിരുന്നുവെന്നും ട്രംപ്

Update: 2024-12-17 16:25 GMT
Advertising

വാഷിങ്ടൺ: സിറിയയിലെ ബശ്ശാറുൽ അസദ് ഭരണകൂടത്തിൻ്റെ തകർച്ചക്ക് പിന്നിൽ തുർക്കി പ്രസിഡൻ്റ് ഉർദുഗാനാണെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 'അദ്ദേഹം വളരെ ബുദ്ധിമാനാണ്, എന്നാൽ അധികം ജീവനുകൾ നഷ്ടപ്പെടുത്താതെ വളരെ സൗ​ഹാർദപരമായ ഏറ്റെടുക്കലാണ് തുർക്കി നടത്തിയത്. അസദ് ഒരു കശാപ്പുകാരനായിരുന്നുവെന്നും ട്രംപ് ഫ്ലോറിഡയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അസദ് ഭരണകൂടത്തിൻ്റെ പതനത്തിന്റെ ഫലം എന്തായിരിക്കുമെന്ന് തനിക്ക് അറിയില്ലെ'ന്നും ട്രംപ് കൂട്ടിച്ചേർത്തു.

'ഒരു വശം അടിസ്ഥാനപരമായി തുടച്ചുനീക്കപ്പെട്ടു. മറുവശത്ത് ആരാണെന്ന് ആർക്കും അറിയില്ല. പക്ഷേ എനിക്കും നിങ്ങൾക്കും അറിയാം ഇതിന് പിന്നിൽ തുർക്കിയാണെന്ന്. ഉർദുഗാൻ വളരെ ബുദ്ധിമാനാണ്. അദ്ദേഹം വളരെ ശക്തമായ സൈന്യത്തെ കെട്ടിപ്പടുത്തിട്ടുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി അവർ അത് ആഗ്രഹിച്ചിരുന്നു, ഇപ്പോൾ അത് ലഭിച്ചു.'- ട്രംപ് ചൂണ്ടിക്കാട്ടി.

നാറ്റോ സഖ്യകക്ഷികളായിരുന്നിട്ട് കൂടി, സിറിയയിലെ ആഭ്യന്തരയുദ്ധകാലത്ത് യുഎസും തുർക്കിയും വർഷങ്ങളായി വിയോജിപ്പിലാണ്. സിറിയയിൽ യുഎസ് സൈനിക സാന്നിധ്യത്തെ ട്രംപ് എതിർത്തിരുന്നു. ട്രംപ് പ്രസിഡൻ്റായിരുന്നപ്പോൾ 2018ൽ 2,000-2500 യുഎസ് സൈനികരെ രാജ്യത്ത് നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടിരുന്നു.

ഇസ്രായേൽ - ​ഗസ്സ യു​ദ്ധത്തെക്കുറിച്ചും ട്രംപ് പരാമർശിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചതായി ട്രംപ് പറഞ്ഞു. 'റഷ്യ- യുക്രെയിൻ യുദ്ധത്തേക്കാൾ എളുപ്പത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം കൈകാര്യം ചെയ്യാൻ സാധിക്കു'മെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരിയിൽ അധികാരമേൽക്കുന്നതിനു മുൻപ് ഗസ്സയിലെ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News