റഷ്യയുടെ ആണവ സംരക്ഷണ സേനാ തലവനെ വധിച്ച് യുക്രൈൻ
ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ പ്രധാനപ്പെട്ട വ്യക്തിയെയാണ് യുക്രൈൻ റഷ്യയിൽ കടന്നുകയറി കൊലപ്പെടുത്തുന്നത്
മോസ്‌കോ: റഷ്യയുടെ ആണവ സംരക്ഷണ സേനയുടെ തലവൻ ഇഗോർ കിറിലോവ് കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം നടത്തിയത് തങ്ങളാണെന്ന് യുക്രൈൻ സ്ഥിരീകരിച്ചു. റഷ്യയുടെ ആണവ, രാസ, ജൈവായുധങ്ങളുടെ തലവനായിരുന്നു കിറിലോവ്.
യുക്രൈൻ റഷ്യയിൽ കടന്നുകയറി നടത്തിയ ആക്രമണത്തിൽ പുടിന്റെ വിശ്വസ്തനെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ പ്രധാനപ്പെട്ട വ്യക്തിയെയാണ് യുക്രൈൻ റഷ്യയിൽ കടന്നുകയറി കൊലപ്പെടുത്തുന്നത്. മിസൈൽ വിദഗ്ധനായ മിഖായേൽ ഷാറ്റ്‌സ്‌കിയെയും നേരത്തെ യുക്രൈൻ കൊലപ്പെടുത്തിയിരുന്നു.
ഇരുവരും റഷ്യൻ പ്രസിഡന്റ് പുടിന്റെ വിശ്വസ്തരാണ്. യുക്രൈൻ യുദ്ധത്തിൽ റഷ്യൻ ആക്രമണങ്ങളെ മുന്നിൽനിന്ന് നയിച്ചവരിൽ പ്രമുഖരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നാറ്റോ രാജ്യങ്ങളുടെ പിന്തുണയോടെയാണ് യുക്രൈൻ ആക്രമണമെന്നാണ് റിപ്പോർട്ട്. യുക്രൈനിൽ രാസായുധം പ്രയോഗിച്ച് നിരവധിയാളുകളെ കൊലപ്പെടുത്തിയവരാണ് ഇവരെന്നും അതുകൊണ്ടാണ് അവരെ വധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് യുക്രൈൻ പറയുന്നത്.
റഷ്യ-യുക്രൈൻ യുദ്ധം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നുവെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. റഷ്യ ഭൂഖണ്ഡാനന്തര മിസൈൽ പ്രയോഗിക്കുകയും വേണ്ടിവന്നാൽ ആണവായുധം ഉപയോഗിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആണവായുധ സംരക്ഷണ സേനയുടെ തലവനെ തന്നെ യുക്രൈൻ കൊലപ്പെടുത്തിയിരിക്കുന്നത്.