ഇസ്രായേൽ സൈന്യം റെയ്ഡിനിടയിൽ 13 കാരനെ വെടിവെച്ചു കൊന്നു
കുട്ടികളെ തിരഞ്ഞുപിടിച്ചുകൊല്ലുന്ന ഇസ്രായേൽ സൈന്യത്തിന്റെ നടപടിക്കെതിരെ വൻ പ്രതിഷേധമാണുണ്ടാക്കിയിരിക്കുന്നത്
ഗസ്സ: വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡുകളിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേരെ വെടിവെച്ചു കൊന്നു. ഫലസ്തീൻ ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷുഫത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം റെയ്ഡിനെത്തിയത്. സ്ത്രീകളെയും യുവാക്കളെയും സൈന്യം ക്രൂരമായി മർദ്ധിച്ചു. റാമി അൽ-ഹൽഹുലി എന്ന 13 വയസ്സുകാരനെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു.
സൈന്യമെത്തുമ്പോൾ 13 കാരൻ പടക്കം പൊട്ടിച്ചെന്നും ഇതിനെ തുടർന്നാണ് വെടിവെച്ചതെന്ന് ഇസ്രായേൽ ബോർഡർ പോലീസ് അറിയിച്ചു. റമദാൻ മാസത്തിലും കുട്ടികളെ തിരഞ്ഞുപിടിച്ചുകൊല്ലുന്ന ഇസ്രായേൽ സൈന്യത്തിന്റെ നടപടിക്കെതിരെ വൻ പ്രതിഷേധമാണുയർന്നിരിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ മറ്റ് രണ്ട് ഫലസ്തീൻകാർ കൂടി കൊല്ലപ്പെട്ടതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ നരനായാട്ടിൽ 31,184 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 72,889 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.