കൊന്നിട്ടും തീരുന്നില്ല ക്രൂരത; മാധ്യമ പ്രവർത്തകയുടെ വിലാപയാത്രയ്‌ക്കെതിരെയും ഇസ്രായേൽ സൈന്യത്തിന്റെ അതിക്രമം

ഇസ്രായേൽ സൈന്യത്തിന്റെ കയ്യേറ്റത്തിനിടെ ശവപ്പെട്ടി താഴെ വീണു

Update: 2022-05-13 12:57 GMT
Advertising

ജറുസലം: ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്ന അൽജസീറ മാധ്യമ പ്രവർത്തക ഷിറീൻ അബൂ ആഖിലയുടെ വിലാപയാത്രയ്‌ക്കെതിരെയും സൈന്യത്തിന്റെ അതിക്രമം. ഇസ്രായേൽ സൈന്യത്തിന്റെ കയ്യേറ്റത്തിനിടെ ശവപ്പെട്ടി താഴെ വീണു. അധിനിവേശ കിഴക്കൻ ജറുസലേമിലെ പഴയ നഗരത്തിലാണ് മാധ്യമപ്രവർത്തകയുടെ മൃതദേഹം വഹിച്ചെത്തിയവർക്കെതിരെ ഇസ്രായേൽ സൈന്യം അതിക്രമം നടത്തിയത്. ഫലസ്തീൻ പതാക ഉയർത്തുന്നതും മുദ്രാവാക്യം മുഴക്കുന്നതും ഇസ്രായേൽ സൈന്യം തടഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിലടക്കം പ്രചരിക്കുന്നുണ്ട്.


മൗണ്ട് സിയോൺ പ്രൊട്ടസ്റ്റൻറ് സെമിത്തേരിയിലാണ് ഷിറീന്റെ മൃതദേഹം ഖബറടക്കുന്നത്. ചടങ്ങുകൾക്കായി ആയിരക്കണക്കിന് ഫലസ്തീനികളാണെത്തിയത്. വെസ്റ്റ്ബാങ്കിലെ ജെനിൻ പട്ടണത്തിൽ വെച്ച് ബുധനാഴ്ചയാണ് മാധ്യമപ്രവർത്തക ഷിറീനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. അവിടെ നിന്ന് നബുലസ്, റാമല്ല വഴിയാണ് മൃതദേഹം ജറുസലേമിലേക്ക് കൊണ്ടുവന്നത്. ജെനിൻ നഗരത്തിൽ ഇന്നലെ നടന്ന വിലാപയാത്രയിൽ ആയിരത്തിലധികം പേർ എത്തിയിരുന്നു.


രണ്ട് പതിറ്റാണ്ടുകളിലേറെയായി ഫലസ്തീൻ ജനതയുടെ നോവുകൾ ലോകസമൂഹത്തിന് മുന്നിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകയാണ് ഷീറിൻ അബൂ ആഖില. 1997ലാണ് ഇവർ അൽജസീറ ചാനലിൽ ചേർന്നത്. ജനിൻ നഗരത്തിലെ ആശുപത്രിയിൽ ബന്ധുക്കളും സഹപ്രവർത്തകരും കണ്ണീരോടെയാണ് ഇവരുടെ മൃതദേഹം ഏറ്റുവാങ്ങിയിരുന്നത്. ക്രൈസ്തവ പുരോഹിതന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടന്നു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര നടന്നിരുന്നു. ഇസ്രായേൽ ക്രൂരതകൾക്കെതിരെയും ഫലസ്തീൻ ജനതയുടെ നീതിനിഷേധത്തിനെതിരെയും പ്രവർത്തിച്ച ഷിറീൻ അബൂ അഖില ധീരരക്തസാക്ഷിത്വമാണ് വരിച്ചിരിക്കുന്നതെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞിരുന്നു. റാമല്ലയിലെ ഫലസ്തീൻ അതോറിറ്റി ആസ്ഥാനത്ത് നിരവധി പേരാണ് ഷീറിന് യാത്രാമൊഴി നേരാനെത്തിയത്. വൈകീട്ട് ജറൂസലമിലെ കുടുംബ വീട്ടിൽ അനുശോചനം നേരാനെത്തിയവർക്കു നേരെയും ഇസ്രായേൽ സൈന്യം അതിക്രമം നടത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.


ഇസ്രായേൽ സൈന്യം വെറും 150 മീറ്റർ അകലെ വെച്ചാണ് ഷീറിനു നേരെ വെടിയുതിർത്തതെന്ന് തെളിഞ്ഞിട്ടുണ്ട്. ബുധനാഴ്ച കാലത്ത് ജെനിൻ പ്രദേശത്ത് നിരവധി തവണ സൈന്യം വെടിയുതിർത്തതായി സമ്മതിച്ച ഇസ്രായേൽ പക്ഷെ, കൊലയുടെ ഉത്തരവാദിത്തം ഇനിയും ഏറ്റെടുത്തിട്ടില്ല. അൽജസീറ മാധ്യമ സംഘത്തെ ലക്ഷ്യമിട്ട് തികച്ചും ആസൂത്രിത വെടിവെപ്പാണുണ്ടായതെന്ന തെളിവുകൾ പുറത്തു വന്നതോടെ ഇസ്രായേൽ ശരിക്കും പ്രതിക്കൂട്ടിലായിരിക്കുകയാണ്. സ്വന്തം നിലക്കുള്ള അന്വേഷണം ആരംഭിച്ചതായും മറ്റു സാധ്യതകൾ കൂടി വിലയിരുത്തുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം സംയുക്ത അന്വേഷണം ആകാമെന്ന ഇസ്രായേൽ പ്രധാനമന്ത്രിയുടെ വാഗ്ദാനം ഫലസ്തീൻ അതോറിറ്റി തള്ളി.


റമദാനിൽ വെസ്റ്റ് ബാങ്ക് ഉൾപ്പെടെ കിഴക്കൻ ജറൂസലമിൽ ഇസ്രായേൽ ആരംഭിച്ച പുതിയ അക്രമങ്ങളുടെയും പ്രകോപന നടപടികളുടെയും തുടർച്ചയാണ് ഷീറിന്റെ കൊലയെന്നാണ് ഫലസ്തീൻ സംഘടനകൾ കുറ്റപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ ജറൂസലമിൽ നിന്ന് ഫലസ്തീനികളെ പുറന്തളളാനുള്ള ഇസ്രായേൽ ക്രൂരത നിരന്തരമായി ലോകത്തെ അറിയിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവർത്തക കൂടിയാണ് ഷീറിൻ അബൂ ആഖില. മാധ്യമ പ്രവർത്തകയുടെ കൊലയുമായി ബന്ധപ്പെട്ട് ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്‌മൂദ് അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്.

Israeli military crackdown on mourner Shireen Abu Akhila

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News