'ഏകാന്ത തടവിൽ വാതക പ്രയോഗം നടത്തി ശ്വാസം മുട്ടിച്ചു'; ഇസ്രായേൽ തടവിൽ കടുത്ത പീഡനമെന്ന് തടവുകാരി
80 വനിതാ തടവുകാർക്കായി 10 പേർക്കുള്ള ഭക്ഷണം മാത്രമാണ് അനുവദിച്ചതെന്നും മൈസൂൺ മൂസ അൽ ജബാലി പറഞ്ഞു.
വെസ്റ്റ്ബാങ്ക്: ഇസ്രായേൽ ജയിലിൽ വർഷങ്ങളോളം കടുത്ത പീഡനമാണ് നേരിട്ടതെന്ന് കൈമാറ്റ കരാർ പ്രകാരം വിട്ടയക്കപ്പെട്ട മൈസൂൺ മൂസ അൽ ജബാലിയുടെ വെളിപ്പെടുത്തൽ. ഒക്ടോബർ ഏഴ് ആക്രമണത്തിനുശേഷം പീഡനമുറകൾ കൂടുതൽ കടുപ്പിച്ചതായും മൈസൂൺ പറയുന്നു.
പലപ്പോഴും ക്രൂരമായി മർദിച്ചു. ഏകാന്ത തടവിൽ പാർപ്പിച്ച് വാതക പ്രയോഗം നടത്തി ശ്വാസം മുട്ടിച്ചു. തങ്ങൾക്ക് എന്തും ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും മുകളിൽനിന്ന് അതിനുള്ള നിർദേശം ലഭിച്ചിട്ടുണ്ടെന്നുമാണ് ജയിലർമാർ പറഞ്ഞത്. ഭക്ഷണത്തിന്റെ അളവും കുറച്ചു. 80 വനിതാ തടവുകാർക്കായി 10 പേർക്കുള്ള ഭക്ഷണം മാത്രമാണ് അനുവദിച്ചതെന്നും അവർ പറഞ്ഞു.
ബെത്‌ലഹമിന് സമീപം വനിതാ സൈനികയെ ആക്രമിച്ചെന്നാരോപിച്ച് 2015 ജൂൺ 29നാണ് 28 കാരിയായ മൈസൂണിനെ അറസ്റ്റ് ചെയ്തത്. അൽ ഖുദ്‌സ് സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിയായിരുന്നു അന്ന് മൈസൂൺ. 15 വർഷ തടവുശിക്ഷ അനുഭവിക്കവെ അൽ ഖുദ്‌സ് ഓപ്പൺ സർവകലാശാലയിൽ ചേർന്ന് പഠനം പൂർത്തിയാക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇസ്രായേൽ അധികൃതർ അനുവദിച്ചില്ല. പിന്നീട് സാമൂഹിക സേവനത്തിൽ ബിരുദമെടുത്തു. ഉന്നത വിദ്യാഭ്യാസമാണ് ലക്ഷ്യമെന്ന് മോചിതയായി വെസ്റ്റ്ബാങ്കിലെത്തിയ മൈസൂൺ പറഞ്ഞു.