Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാർക്കൻ്റ്: കാമുകിയെ സന്തോഷിപ്പിക്കാനും അവൾക്ക് മുന്നിൽ ധൈര്യം കാണിക്കാനുമായി സിംഹക്കൂട്ടിൽ കയറിയ യുവാവിനെ സിംഹങ്ങൾ ആക്രമിച്ച് കൊലപ്പെടുത്തി. ഉസ്ബകിസ്താനിലായിരുന്നു സംഭവം. ഉസ്ബെക്കിസ്ഥാനിലെ പാർക്കൻ്റിലെ ഒരു സ്വകാര്യ മൃഗശാലയിൽ മൃഗശാലാ സൂക്ഷിപ്പുകാരനായി ജോലി ചെയ്യുന്ന എഫ് ഇറിസ്‌കുലോവ് എന്ന 44കാരനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.
കാമുകിയുടെ മുൻപിൽ ആളാകാനാണ് ഇയാൾ ക്യാമറയുമായി സിംഹക്കൂട്ടിൽ കയറിയത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവാവിന്റെ കൈവശമുണ്ടായിരുന്ന ക്യാമറയിൽ പതിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സംഭവത്തിന്റേത് എന്ന തരത്തിലുള്ള ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
രാത്രി ഷിഫ്റ്റിന് ശേഷം പുലർച്ചെ അഞ്ചുമണിക്കാണ് ഇയാൾ സിംഹക്കൂട്ടിൽ കയറിയത്. കൂടിന്റെ വാതിൽ തുറന്ന് അകത്ത് കയറുന്നത് മുതലുള്ള ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട്. കയ്യിൽ ക്യാമറയുമായി ഇയാൾ എത്തിയപ്പോൾ മൂന്ന് സിംഹങ്ങൾ കൂട്ടിലുണ്ടായിരുന്നു. ഇവ ആക്രമിക്കില്ലെന്ന ധാരണയിലാണ് യുവാവ് കൂട്ടിനകത്തേക്ക് ധൈര്യപൂർവ്വം കയറിയത്. കൂടിനുള്ളിലേക്ക് കടക്കുമ്പോൾ ഇയാൾ സിംഹങ്ങളുടെ പേരും വിളിക്കുന്നുണ്ട്. യുവാവിനെ കണ്ട സിംഹങ്ങൾ പെട്ടെന്ന് അയാളുടെ അടുത്തെത്തി. പിന്നാലെ തന്റെ ധൈര്യം കാണിക്കാനായി ഇറിസ്‌കുലോവ് ക്യാമറ സ്വന്തം മുഖത്തിന് നേരെ തിരിച്ചു. തുടർന്ന് തനിക്ക് തൊട്ടടുത്തെത്തിയ ഒരു സിംഹത്തെ ഇയാൾ തൊട്ടു. ആദ്യം അവ ഉപദ്രവിക്കുന്ന ലക്ഷണങ്ങൾ കാണിച്ചില്ലെങ്കിലും പിന്നീട് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഐറിസ്‌കുലോവിനെ ആക്രമിച്ച് കൊലപ്പെടുത്തി സിംഹങ്ങൾ അയാളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തു.
പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി അക്രമാസക്തരായ സിംഹങ്ങളിലൊന്നിനെ വെടിവെച്ച് കൊല്ലുകയും ബാക്കി രണ്ടെണ്ണത്തെ മയക്കുവെടി വെച്ച് വീഴ്ത്തുകയും ചെയ്തു എന്ന് മൃഗശാലാ അധികൃതർ അറിയിച്ചു. അവശേഷിച്ച രണ്ടു സിംഹങ്ങളെ മറ്റൊരു പ്രത്യേക കൂട്ടിലേക്ക് മാറ്റിയതായും മൃഗശാല അധികൃതർ പറഞ്ഞു.