അസദിന്റെ വീഴ്ചയിലും സിറിയക്കുമേൽ കരിനിഴലായി പടിഞ്ഞാറൻ ഉപരോധം
അസദ് ഭരണകൂടം വിമതരെ അടിച്ചമർത്താൻ ശ്രമിച്ചതിന്റെ പേരിലാണ് ഉപരോധം പ്രഖ്യാപിച്ചതെങ്കിലും ഭരണമാറ്റമുണ്ടായിട്ടും ഉപരോധം പിൻവലിക്കാൻ യുഎസും യൂറോപ്യൻ യൂണിയനും തയ്യാറായിട്ടില്ല.
ദമസ്‌കസ്: ബശ്ശാറുൽ അസദ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടെങ്കിലും സിറിയക്കുമേൽ കരിനിഴലായി പടിഞ്ഞാറൻ ഉപരോധം. 14 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ കെടുതികൾ മറികടക്കാൻ ശ്രമിക്കുന്ന സിറിയൻ സാമ്പത്തിക വ്യവസ്ഥക്ക് വലിയ വെല്ലുവിളിയാവുകയാണ് വ്യാപക ഉപരോധം. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും ബശ്ശാറുൽ അസദ് ഭരണകൂടത്തിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. 2011ൽ തുടങ്ങിയ സിറിയൻ ആഭ്യന്തരയുദ്ധത്തിൽ വിമതരെ അടിച്ചമർത്താൻ അസദ് ഭരണകൂടം ശ്രമിച്ചതിനെ തുടർന്നാണ് ഉപരോധം പ്രഖ്യാപിച്ചത്.
വിമത സൈന്യം തലസ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെ അസദ് റഷ്യയിൽ അഭയം തേടുകയും ഹൈഅത് തഹരീറിശ്ശാം (എച്ച്ടിഎസ്) ഇടക്കാല സർക്കാർ രൂപീകരിക്കുകയും ചെയ്‌തെങ്കിലും ഉപരോധം പഴയതുപോലെ തന്നെ നിലനിൽക്കുകയാണ്. ന്യൂനപക്ഷത്തെ സംരക്ഷിക്കുമെന്നും അധികാരം പങ്കിടുമെന്നും പുതിയ ഭരണകൂടം തെളിയിക്കുന്നത് വരെ ഉപരോധം പിൻവലിക്കില്ലെന്ന് യൂറോപ്യൻ ഉദ്യോഗസ്ഥർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ജർമൻ വിദേശകാര്യമന്ത്രി അന്നാലീന ബെയർബോക്ക് ഫ്രഞ്ച് വിദേശകാര്യ മന്ത്രിക്കൊപ്പം ജനുവരി മൂന്നിന് സിറിയയിലെത്തിയിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണം സാധ്യമാണോയെന്നും മനുഷ്യാവകാശം ഉറപ്പ് നൽകാനാവുമോയെന്നും ചർച്ച ചെയ്യാനാണ് തങ്ങൾ എത്തിയതെന്നും ഉപരോധം പിൻവലിക്കുന്നത് സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇതുമായി ബന്ധപ്പെട്ടതാണ് എന്നുമായിരുന്നു അവരുടെ പ്രതികരണം.
ബശ്ശാറുൽ അസദിന്റെ അടിച്ചമർത്തൽ അവസാനിപ്പിക്കാൻ വേണ്ടിയാണ് പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നത്. പുതിയ ഭരണകൂടത്തിന് മേലും ഉപരോധം ആവശ്യമാണെന്നാണ് പടിഞ്ഞാറൻ നയതന്ത്രജ്ഞർ ഇപ്പോൾ പറയുന്നത്. എന്നാൽ പതിറ്റാണ്ടിലധികം നീണ്ട അടിച്ചമർത്തലും ഒറ്റപ്പെടുത്തലും അവസാനിപ്പിച്ച് തിരിച്ചുവരാൻ ശ്രമിക്കുന്ന സിറിയക്ക് ഉപരോധം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഭൂരിഭാഗം സിറിയക്കാരും വിശ്വസിക്കുന്നത്.
ബശ്ശാറുൽ അസദിന്റെ പിതാവ് ഹാഫിസുൽ അസദിന്റെ ഭരണകാലത്ത് 1979ൽ അമേരിക്ക സിറിയയെ തീവ്രവാദത്തിന്റെ സ്‌പോൺസർ എന്ന് വിശേഷിപ്പിച്ചിരുന്നു. 2004ൽ ലെബനാൻ അധിനിവേശവുമായി ബന്ധപ്പെട്ടു സിറിയ-യുഎസ് ബന്ധം വീണ്ടും വഷളായി. 2011ൽ വിമതർ പ്രതിഷേധം തുടങ്ങുകയും അസദ് ഭരണകൂടം ശക്തമായ അടിച്ചമർത്തൽ നടപടികൾ ആരംഭിക്കുകയും ചെയ്തതോടെയാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും ശക്തമായ ഉപരോധം ഏർപ്പെടുത്തിയത്. ആഭ്യന്തരയുദ്ധം രൂക്ഷമായോടെ യുഎസ്, ഇയു ഉപരോധവും കടുപ്പിച്ചു. സെൻട്രൽ ബാങ്കിന്റെയും ഊർജ, വൈദ്യുത മേഖലകളുടെ പ്രവർത്തനത്തെയും ഇത് സാരമായി ബാധിച്ചു.
സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കാനായി വായ്പയെടുക്കാനും വ്യാപാരം നടത്താനുമെല്ലാം ഉപരോധം തടസ്സമായി. പുതിയ സാങ്കേതികവിദ്യകൾ ഇറക്കുമതി ചെയ്യാനും സിറിയൻ ഭരണകൂടത്തിനായില്ല. 2019ൽ അമേരിക്ക കെയ്‌സർ സിറിയ സിവിലിയൻ പ്രൊട്ടക്ഷൻ ആക്ട് പാസാക്കിയതോടെ സ്വാകാര്യ കമ്പനികളും രാജ്യങ്ങളും അസദ് ഭരണകൂടവുമായി ഇടപാട് നടത്തുന്നതും നിന്നു.
നിലവിൽ അധികാരത്തിലുള്ള എച്ച്ടിഎസിന് അൽ ഖാഇദയുമായി ബന്ധമുണ്ടായിരുന്നതും ഉപരോധം പിൻവലിക്കുന്നതിന് തടസ്സമാകുന്നുണ്ട്. സാധനങ്ങളും അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ഉപരോധം തടസ്സമായതിനാൽ സിറിയൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് സിറിയൻ രാഷ്ട്രീയ വിദഗ്ധനായ ജെറോം ഡ്രെവോൺ പറഞ്ഞു. എച്ച്ടിഎസ് സർക്കാരുമായി എന്തെങ്കിലും ഇടപായോ നിക്ഷേപമോ നടത്തിയാൽ അത് തീവ്രവാദത്തെ സഹായിക്കലായി കണക്കാക്കുമെന്നും ഡ്രെവോൺ പറഞ്ഞു.
ഉപരോധങ്ങൾ പിൻവലിക്കണമെന്ന് എച്ച്ടിഎസ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയയെ പുനർനിർമിക്കാൻ ഉപരോധം പിൻവലിക്കേണ്ടത് അനിവാര്യമാണെന്നും അവർ പറയുന്നു. ഉപരോധങ്ങളിൽ ഭൂരിഭാഗവും പിൻവലിക്കേണ്ടതാണെന്ന് ജെറോ ഡ്രെവോണും പറഞ്ഞു. അസദ് ഭരണകൂടത്തെ നിയന്ത്രിക്കുന്നതിനായാണ് ഉപരോധം ഏർപ്പെടുത്തിയത്. അസദ് ഭരണം അവസാനിച്ച സാഹചര്യത്തിൽ ഉപരോധത്തിന് പ്രസക്തിയില്ല. ഉപരോധം തുടരുന്നത് സിറിയയെ കൂടുതൽ ഞെരുക്കും. ഇത് കുടുതൽ സാധാരണക്കാർ ആയുധമെടുക്കാൻ രാജ്യം വീണ്ടും അരാജകത്വത്തിലേക്ക് നീങ്ങാനും കാരണമാകുമെന്നും ഡ്രെവോൺ പറഞ്ഞു.