‘വെടിനിർത്തൽ കരാറില്ലെങ്കിൽ സേവനം ചെയ്യില്ല’; സർക്കാറിന് കത്തയച്ച് ഇസ്രായേലി സൈനികർ

‘ഗസ്സയിൽ യുദ്ധം തുടരുന്നതിനാൽ ബന്ദികളെ മോചിപ്പിക്കാനാകില്ല എന്നത് വ്യക്തമാണ്’

Update: 2024-10-09 10:11 GMT
Advertising

തെൽ അവീവ്: വെടിനിർത്തൽ കരാറിനും ബന്ദികളെ മോചിപ്പിക്കാനുമായി സർക്കാർ പ്രവർത്തിക്കുന്നില്ലെങ്കിൽ തങ്ങൾ സേവനം അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി ഒരുവിഭാഗം ഇസ്രായേലി സൈനികർ. റിസർവ് സൈനികരും സൈന്യത്തിൽ ചേരാൻ നിർബന്ധിതരുമായ 130 പേരാണ് ഇതുസംബന്ധിച്ച് കത്തിൽ ഒപ്പുവെച്ചതെന്ന് ഇസ്രായേലി മാധ്യമമായ ‘ഹാരെറ്റ്സ്’ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലി സൈനിക മേഖലയിലെ വിവിധ വിഭാഗങ്ങളായ ആംഡ് കോർപ്സ്, ആർട്ടിലറി കോർപ്സ്, ഹോം ഫ്രന്റ് കമ്മാൻഡ്, എയർ ഫോഴ്സ്, നേവി എന്നിവയിൽ പ്രവർത്തിക്കുന്നവരാണ് കത്തയച്ചത്. 

കാബിനറ്റ് മന്ത്രിമാരെയും ഇസ്രായേൽ പ്രതിരോധ സേന മേധാവിയെയുമാണ് കത്തിൽ അഭിസംബോധന ചെയ്യുന്നത്. ‘ഗസ്സയിൽ യുദ്ധം തുടരുന്നതിനാൽ ബന്ദികളെ മോചിപ്പിക്കാനാകില്ല എന്നത് ഇപ്പോൾ വ്യക്തമാണ്. കൂടാതെ അവരുടെ ജീവിതവും അപകടത്തിലാക്കുകയാണ്. നിരവധി ബന്ദികളാണ് ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ​ കൊല്ലപ്പെട്ടത്. സൈനിക നടപടികളിലൂടെ രക്ഷിച്ചതിനേക്കാൾ അധികമാണ് കൊല്ലപ്പെട്ടവരുടെ കണക്ക്. ജീവൻ പണയം വെച്ചും അർപ്പണ ബോധത്തോടെയുമാണ് ഞങ്ങൾ സേവനം ചെയ്തത്. നിലവിലെ സ്ഥിതി മാറ്റി ബന്ദികളെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനി സേവനം ചെയ്യില്ലെന്ന് ഞങ്ങൾ പ്രഖ്യാപിക്കുകയാണ്. ഞങ്ങളിൽ പലരുടെയും ചുവന്ന വര കടന്നുപോയിട്ടുണ്ട്. മറ്റു പലരും അതിനോട് അടുത്തിരിക്കുകയാണ്. തകർന്ന ഹൃദയത്തോടെ ജോലിക്ക് റിപ്പോർട്ട് ചെയ്യുന്നത് നിർത്തുന്ന സമയം ആസന്നമായിരിക്കുന്നു’ -കത്തിൽ സൈനികർ ചൂണ്ടിക്കാട്ടുന്നു.

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കാൻ സാധിക്കാത്തത് ഇസ്രായേലിന് വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. വെടിനിർത്തൽ കരാറിലെത്തണമെന്ന ആവശ്യവുമായി രാജ്യത്ത് മാസങ്ങളായി ആയിരങ്ങളാണ് തെരുവിൽ പ്രതിഷേധിക്കുന്നത്. ഇതിനിടയിലാണ് ഇപ്പോൾ സൈനികരും ബന്ദികളെ മോചിപ്പിക്കാൻ കരാറിലെത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.

ഹമാസിന്റെ കൈവശമുള്ള ബന്ദികൾ എവിടെ?

ഒക്ടോബർ ഏഴിന് 251 പേരെയാണ് ഹമാസ് ബന്ദികളായി പിടികൂടിയത്. ഇതിൽ സ്ത്രീകളും കുട്ടികളും പ്രായമാവയരുമെല്ലാം ഉണ്ടായിരുന്നു. 23 പേർ തായ്‍ലാൻഡിൽനിന്നുള്ളവരാണ്. നേപ്പാൾ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽനിന്നുള്ളവരുമുണ്ട്. ഇരട്ട പൗരത്വമുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. ഇരട്ട പൗരത്വമുള്ള മെക്സികോ, ജർമനി, അർജന്റീന, അയർലൻഡ്, അമേരിക്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള 15 പേരെ ഇതുവരെ മോചിപ്പിച്ചു. 12 അമേരിക്കൻ പൗരൻമാരെയാണ് പിടികൂടിയിരുന്നത്. ഇതിൽ ഏഴുപേർ ഇപ്പോഴും ഹമാസിന്റെ കൈവശം തന്നെയാണ്.

251 പേരിൽ പകുതിയിലധികം പേരും മോചിതരായിട്ടുണ്ട്. ബാക്കി പലരും ഗസ്സയിൽ പലയിടങ്ങളിലായി ഹമാസിന്റെ കൈവശമുണ്ട്. ഇതിൽ പലരും മരണപ്പെട്ടതായും സൂചനയുണ്ട്. ഇ​സ്രായേലിന്റെ ഔദ്യോഗിക കണക്കുപ്രകാരം 117 പേരാണ് ഇതുവരെ രാജ്യത്തേക്ക് തിരിച്ചെത്തിയത്. 101 പേർ ഇപ്പോഴും ഹമാസിന്റെ കൈവശമുണ്ടെന്നും അവർ പറയുന്നു. കൂടാതെ സെപ്റ്റംബർ ഒന്ന് വരെ 33 മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെടുത്തതായും സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഇതിൽ പലരും ഇസ്രായേൽ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്.

സെപ്റ്റംബർ ഒന്നിന് റഫയിലെ തുരങ്കത്തിൽ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തുകയുണ്ടായി. ഇസ്രാ​യേൽ ബോംബാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചിരുന്നു. എന്നാൽ, ഹമാസ് ഇവരെ ​കൊലപ്പെടുത്തുകയായിരുന്നു​വെന്നാണ് ഇസ്രായേൽ വാദം. ആറുപേർ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ ഇസ്രായേലിൽ പ്രതിഷേധം ആളിക്കത്തുകയുണ്ടായി. ആയിരങ്ങൾ തെരുവിലിറങ്ങി സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. എട്ട് ലക്ഷത്തോളം തൊഴിലാളികൾ പണിമുടക്കി.

പ്രതിഷേധം ശക്തമാ​ണെങ്കിലും വെടിനിർത്തൽ കരാറിലെത്താൻ ഇതുവരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്നദ്ധനായിട്ടില്ല. കരാറി​ല്ലാതെ തന്നെ ബന്ദികളെ ഹമാസ് വിട്ടയക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. എന്നാൽ, പൂർണമായും വെടിനിർത്തൽ കരാറി​ല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നാണ് ഹമാസ് ഉറപ്പിച്ചുപറയുന്നത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News