ഗസ്സയിൽ വെടിനിർത്തൽ; ഖത്തറിൽ അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ചക്ക് നീക്കം
ഭക്ഷ്യവസ്തുക്കളും വെള്ളവും മരുന്നും തടഞ്ഞ് ജനങ്ങളെ വംശഹത്യ ചെയ്യുന്ന സയണിസ്റ്റ് ക്രൂരതക്കെതിരെ ലോകവ്യാപക പ്രതിഷേധം ഉയരണമെന്ന് ഹമാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു
ദുബൈ: ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഗസ്സയിലെ വെടിനിർത്തലിനായി ഖത്തറിൽ അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ചകൾക്ക് നീക്കം. ദോഹയിലെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനിയുമായി ചർച്ച നടത്തി. ചർച്ച ഉടൻ പുനരാരംഭിക്കുമെന്നാണ് ആന്‍റണി ബ്ലിങ്കൻ അറിയിച്ചത്. എന്നാൽ ഇസ്രായേലും ഹമാസും ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല. യഹ്യ സിൻവാറിന്‍റെ കടുത്ത നിലപാടാണ് വെടിനിർത്തൽ ചർച്ചക്ക് തിരിച്ചടിയായതെന്ന് ആന്‍റണി ബ്ലിങ്കൻ ആരോപിച്ചു. എന്നാൽ സൈന്യം ഗസ്സ വിടാതെ ചർച്ച പുനരാരംഭിക്കുന്നതിൽ അർത്ഥമില്ലെന്ന നിലപാടിലാണ് ഹമാസ്.
ഗസ്സയിൽ കൊടും ക്രൂരതകൾ ആവർത്തിക്കുകയാണ് ഇസ്രായേൽ. ജബാലിയയിലെ ഹവാജയിൽ ഇന്നലെ രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി താമസ കെട്ടിടങ്ങൾ തകർന്നു. നുസൈറാത്തിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനുനേരെ നടന്ന വ്യോമാക്രമണത്തിൽ 17 പേർ മരിച്ചു. ഇവരിൽ 14 പേർ കുട്ടികളും മൂന്ന് പേർ സ്ത്രീകളും. ഹമാസ് പോരാളികളുടെ ഒളിത്താവളമെന്ന് ആരോപിച്ചായിരുന്നു ഇസ്രായേൽ ആക്രമണം.
എന്നാൽ ഹമാസ് ഇത് നിഷേധിച്ചു. വടക്കൻ ഗസ്സയിലെ ഉപരോധവും ആക്രമണവും 20 ദിവസം പിന്നിട്ടിരിക്കെ 800ലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ദേർ അൽ ബലഹ്, ജബാലിയ എന്നിവിടങ്ങളിലും വ്യാപക ആക്രമണം നടന്നു. ഭക്ഷ്യവസ്തുക്കളും വെള്ളവും മരുന്നും തടഞ്ഞ് ജനങ്ങളെ വംശഹത്യ ചെയ്യുന്ന സയണിസ്റ്റ് ക്രൂരതക്കെതിരെ ലോകവ്യാപക പ്രതിഷേധം ഉയരണമെന്ന് ഹമാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലബനാൻ തലസ്ഥാനമായ ബൈറൂത്തിലും പരിസരത്തും നടന്ന ആക്രമണത്തിൽ കെട്ടിടങ്ങൾ തകരുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. ഹിസ്ബുല്ലയുടെ ആക്രമണത്തിൽ കമ്പനി കമാണ്ടർ ഉൾപ്പെടെ 5 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു.
ബെയ്റൂത്തിലെ ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളിൽ നിന്ന് ഒഴിയാൻ ജനങ്ങളോട് ഇസ്രായേൽ ആവശ്യപ്പെട്ടു. ലബനാനിലെ ഇസ്രായേൽ അധിനിവേശവും ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു.
ലബനാന് വൻ സഹായവുമായി ഫ്രാൻസ് ഉൾപ്പെടെ 70ലേറെ രാജ്യങ്ങളും സംഘടനകളും രംഗത്തുവന്നു. അതിനിടെ, ഇറാനെ ആക്രമിക്കാൻ സൈന്യത്തിന് പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും അനുമതി നൽകിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.