ഗസ്സയിൽ യുദ്ധക്കുറ്റം നടന്നു; അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട് യു എന്‍.
സ്വാഗതം ചെയ്ത് ഫലസ്തീൻ; എതിർപ്പുമായി ഇസ്രായേൽ
ഗസ്സയിലെ അതിക്രമത്തെ കുറിച്ച് അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട യു.എൻ മനുഷ്യാവകാശ സമിതി നടപടി ഇസ്രായേലിനും അമേരിക്കക്കും വൻതിരിച്ചടി. യു.എൻ അന്വേഷണ കണ്ടെത്തലിന് പരിമിതിയുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിമിനിൽ കോടതിയിൽ അനുകൂല വിധി ലഭിക്കാൻ ഇതു വഴിയൊരുക്കും എന്നാണ് ഫലസ്തീൻ പ്രതീക്ഷ. യു.എൻ സമിതി നടപടിയെ ഇസ്രായേലും അമേരിക്കയും രൂക്ഷമായി വിമർശിച്ചു.
ജനീവയിൽ ചേർന്ന യു എൻ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഗസ്സയിലെ ഇസ്രായേൽ അതിക്രമം അന്വേഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒമ്പതിനെതിെര 24 വോേട്ടാടെയാണ് പ്രമേയം പാസായത്. 14 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇസ്രായേലിന് അന്താരാഷ്ട്ര തലത്തിൽ ഏൽക്കുന്ന സമീപകാലത്തെ കനത്ത രാഷ്ട്രീയ തിരിച്ചടി കൂടിയാണിത്. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്ട്രിയ എന്നിവയാണ് പ്രമേയത്തിനെതിരെ രംഗത്തുവന്ന പ്രധാന രാജ്യങ്ങൾ.
ഇസ്രായേലിനെതിരെ അതിനിശിതമായ വിമർശനമാണ് ഇന്നലെ യു.എൻ സമിതി യോഗത്തിൽ ഉയർന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തിയത് നഗ്നമായ യുദ്ധക്കുറ്റമാണെന്നും യു എൻ മനുഷ്യാവകാശ സമിതി വിലയിരുത്തി. അധിനിവിഷ്ട പ്രദേശത്തെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഫലസ്തീൻ സമൂഹത്തെ പുറന്തള്ളാനുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നതെന്നും സമിതി കുറ്റപ്പെടുത്തി. ഇസ്രായേൽ അല്ല ഹമാസ് ആണ് യഥാർഥ പ്രതിയെന്നായിരുന്നു അമേരിക്കയുടെ കുറ്റപ്പെടുത്തൽ.
11 ദിവസങ്ങൾ നീണ്ട ഇസ്രയേലിന്‍റെ ഗസ്സ അതിക്രമം ഏകപക്ഷീയവും ക്രൂരവുമാണെന്ന് സമിതി ഹൈക്കമ്മീഷണർ മൈക്കിൾ ബാഷേലേറ്റ് അഭിപ്രായപ്പെട്ടു.അധിനിവിഷ്ട ഫലസ്തീനിൽ നടക്കുന്നത് ഇസ്‌റാഈലിന്‍റെ കോളനിവത്കരണമാണെന്നും ചെറുത്തുനിൽപ്പ് അവകാശമാണെന്നും ഫലസ്തീൻ നേതൃത്വം വ്യക്തമാക്കി. അന്വേഷണ തീരുമാനത്തെ ഫലസ്തീൻ സമൂഹം സ്വാഗതം ചെയ്തു.