റഫയിലെ കൂട്ടക്കുരുതിക്ക് ഉപയോഗിച്ചത് അമേരിക്കൻ യുദ്ധോപകരണങ്ങളെന്ന് റിപ്പോർട്ട്

ആക്രമണം ഭയാനകമെന്ന് ഡെമോക്രാറ്റിക് യു.എസ് സെനറ്റർ

Update: 2024-05-29 09:28 GMT
Advertising

ഗസ്സ സിറ്റി: റഫയിലെ ക്യാമ്പിന് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ചത് അമേരിക്കൻ നിർമിത യു​ദ്ധോപകരണമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഹമാസ് പോരാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ബോംബിട്ടപ്പോൾ സമീപത്തെ ടെന്റുകളിലേക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്. റഫയിലെ താൽ അസ് സുൽത്താൻ പ്രദേശത്തുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 45 പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യു.എസ് നിർമ്മിത ജി.ബി.യു 39 എന്ന ബോംബാണ് ഇവിടെ ഉപയോഗിച്ചതെന്ന് സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നു. നാല് ആയുധ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇവ പരിശോധിച്ചത്. യുദ്ധസാമഗ്രികളുടെ അവശിഷ്ടങ്ങളിൽ കാണുന്ന സീരിയൽ നമ്പറുകൾ കാലിഫോർണിയ ആസ്ഥാനമായുള്ള നിർമ്മാതാക്കളുമായി പൊരുത്തപ്പെടുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, ആക്രമണം സംബന്ധിച്ച അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. അതിദാരുണമായ തെറ്റാണ് സംഭവിച്ചതെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ നാശനഷ്ടങ്ങളും മരണങ്ങളും വരുത്തിവെക്കുന്ന ദൗത്യങ്ങൾ റഫയിൽ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

45 ഫലസ്തീൻ സിവിലിയന്മാരെ കൊലപ്പെടുത്തിയ ആക്രമണം ഭയാനകമാണെന്ന് ഡെമോക്രാറ്റിക് യു.എസ് സെനറ്റർ എലിസബത്ത് വാറൻ പറഞ്ഞു. നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കൽ ഇസ്രായേലിന്റെ കടമയാണ്. റഫയിൽ അഭയം തേടിയ ഫലസ്തീനികൾക്ക് സുരക്ഷിതമായി പോകാൻ ഒരിടവുമില്ല. റഫയിലെ ആക്രമണം നെതന്യാഹു അവസാനിപ്പിക്കണം. അടിയന്തര വെടിനിർത്തലാണ് നമുക്ക് ആവശ്യമെന്നും എലിസബത്ത് വാറൻ കൂട്ടിച്ചേർത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News