'ആ സീറ്റ് എനിക്ക് വേണ്ട'; പാകിസ്താനിൽ തെര. കമ്മിഷൻ വിജയിയായി പ്രഖ്യാപിച്ചിട്ടും സീറ്റ് വേണ്ടെന്നു പ്രഖ്യാപിച്ച് സ്ഥാനാർത്ഥി
കറാച്ചിയിലെ പി.എസ്-129 സീറ്റിൽ ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർത്ഥിയായി മത്സരിച്ച ഹാഫിസ് നഈമുറഹ്മാൻ ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയത്
ഇസ്‌ലാമാബാദ്: പാകിസ്താൻ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ സീറ്റ് വേണ്ടെന്നു പ്രഖ്യാപിച്ച് സ്ഥാനാർത്ഥി. സിന്ധ് അസംബ്ലി തെരഞ്ഞെടുപ്പിലാണ് ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർത്ഥി ഹാഫിസ് നഈമുറഹ്മാൻ ധാർമികത ചൂണ്ടിക്കാട്ടി വിജയം നിരസിച്ചത്. യഥാർത്ഥ വിജയി പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായുള്ള പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് കറാച്ചിയിൽനിന്നുള്ള വാർത്ത. കറാച്ചിയിലെ പി.എസ്-129 സീറ്റിലാണ് ഹാഫിസ് നഈമുറഹ്മാൻ മത്സരിച്ചത്. 26,000 വോട്ടാണ് യഥാർത്ഥത്തിൽ ലഭിച്ചതെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷൻ കാണിച്ചത് 30,000 ആണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഇങ്ങനെ ലഭിച്ചൊരു സീറ്റ് സ്വീകരിക്കാതിരിക്കാനുള്ള ധാർമികത തനിക്കുണ്ടെന്നും നഈമുറഹ്മാൻ വ്യക്തമാക്കി.
അടുത്തിടെ നടന്ന കറാച്ചി മേയർ തെരഞ്ഞെടുപ്പിലും തുടർന്നുള്ള പൊതുതെരഞ്ഞെടുപ്പിലുമെല്ലാം കൃത്രിമം നടന്നതായി നഈമുറഹ്മാൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി നേരത്തെ ജമാഅത്തെ ഇസ്‌ലാമിയും ആരോപിച്ചിരുന്നു. എന്നാൽ, സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്നാണ് സർക്കാർ വാദിക്കുന്നത്. തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിനെതിരെ വ്യാപകമായി ജമാഅത്തെ ഇസ്‌ലാമി വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
265 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഭൂരിപക്ഷത്തിനു വേണ്ട 133 സീറ്റ് ആർക്കും ഇത്തവണ ലഭിച്ചില്ല. ഞായറാഴ്ച വൈകീട്ട് അന്തിമഫലം പുറത്തുവരുമ്പോൾ ഇമ്രാൻ ഖാന്റെ പി.ടി.ഐ പിന്തുണയ്ക്കുന്ന സ്വതന്ത്രർ 97 സീറ്റ് നേടിയപ്പോൾ നവാസ് ശരീഫിന്റെ പാകിസ്താൻ മുസ്‌ലിം ലീഗിന് 76 സീറ്റാണ് ലഭിച്ചത്. ബിലാവൽ ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിക്ക് 54ഉം മുത്തഹിദെ ഖൗമി മൂവ്‌മെന്റിന് 17 സീറ്റും ലഭിച്ചു. ബിലാവൽ ഭൂട്ടോയ്‌ക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് നവാസ് ശരീഫിന്റെ നീക്കം.
Summary: Jamaat-i-Islami Karachi chief Hafiz Naeemur Rehman vacates provincial seat over alleged electoral fraud