യുക്രൈനിന് 8.7 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് ജാപ്പനീസ് കോടീശ്വരൻ
ചില സംഘടനകളും ഏതാനും വ്യക്തികളും യുക്രൈന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്
റഷ്യൻ ആക്രമണം അതി തീവ്രമായി തുടരുന്ന സാഹചര്യത്തിൽ യുക്രൈനിന് ധനസഹായം പ്രഖ്യാപിച്ച് ജാപ്പനീസ് ശതകോടീശ്വരൻ ഹിരോഷി മിക്കിതാനി. യുക്രൈനിന് 8.7 മില്ല്യൺ ഡോളറിന്റെ (65,31,56,850 രൂപ) ധനസഹായമാണ് ജാപ്പനീസ് കോടീശ്വരൻ പ്രഖ്യാപിച്ചത്. റഷ്യൻ ആക്രമണത്തിന് ഇരയായ യുക്രൈനികളുടെ ക്ഷേമത്തിനായി ഈ പണം വിനിയോഗിക്കണമെന്ന് ഹിരോഷി മിക്കിതാനി യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്‌കിക്കയച്ച കത്തിൽ വ്യക്തമാക്കി.
റഷ്യൻ അധിനിവേശം 'ജനാധിപത്യത്തോടുള്ള വെല്ലുവിളി' എന്ന് മിക്കിതാനി വിശേഷിപ്പിച്ചു. 2019ൽ താൻ കിയവ് സന്ദർശിച്ചുവെന്നും സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ ചിന്തകൾ നിങ്ങൾക്കും യുക്രൈൻ ജനതയ്ക്കൊപ്പവുമാണ്,' മിക്കിതാനി യുക്രൈൻ പ്രസിഡന്റിന് എഴുതിയ കത്തിൽ സൂചിപ്പിച്ചു.
'സമാധാനപരവും ജനാധിപത്യപരവുമായ യുക്രൈനിനെ അന്യായമായി ചവിട്ടിമെതിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഞാൻ വിശ്വസിക്കുന്നു, റഷ്യയ്ക്കും യുക്രൈനിനും ഈ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാൻ കഴിയുമെന്നും യുക്രൈനികൾക്ക് എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, മിക്കിതാനി കൂട്ടിച്ചേർത്തു.
റഷ്യൻ സൈന്യം യുക്രൈനിൽ ആക്രമണം അഴിച്ചു വിട്ടതിന് പിന്നാലെ അമേരിക്കയടക്കമുള്ള പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾ റഷ്യക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതുകൂടാതെ ഫ്രാൻസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ യുക്രൈന് ആയുധങ്ങൾ നൽകി സഹായിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ ചില സംഘടനകളും ഏതാനും വ്യക്തികളും യുക്രൈന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തി. ജപ്പാൻ ഗവൺമെന്റ് റഷ്യക്കു മേൽ ഇപ്പോൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.