'തീൻമേശയിൽ സ്മാർട്ട് ഫോൺ വേണ്ട'; ഭക്ഷണം കഴിക്കുമ്പോൾ ഫോൺ വിലക്കി റെസ്റ്റോറന്റ്
''ഭക്ഷണം കൊണ്ടുവെച്ചാലും പലരും ഫോണിൽ നിന്ന് കണ്ണെടുക്കുകയില്ല. അവർ വീഡിയോ കാണുന്ന തിരക്കിലായിരിക്കും..''
ടോകിയോ: സ്മാർട്ട് ഫോണില്ലാതെ ജീവിക്കാനാവില്ല എന്ന അവസ്ഥയിലേക്ക് കാലം മാറിക്കഴിഞ്ഞിരിക്കുന്നു. എഴുന്നേൽക്കുമ്പോഴും ഉറങ്ങുമ്പോഴും കൈയില്‍ ഫോണുണ്ടായിരിക്കും.റോഡിലൂടെ നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം കണ്ണ് ഫോണിലേക്കായിരിക്കും. സുഹൃത്തുക്കളുമൊക്കെയായി ഏറെ കാലത്തിന് ശേഷം വല്ലപ്പോഴും ഒത്തുകൂടുമ്പോഴും പലരും ഫോണിലായിരിക്കും നോക്കുന്നത്. ഭക്ഷണം കഴിക്കുമ്പോഴെങ്കിലും മൊബൈൽഫോണിന് കുറിച്ച് നേരത്തെ റെസ്റ്റ് കൊടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ജപ്പാനിലെ ഒരു റെസ്റ്റോറന്റ് . ജാപ്പനിലെ റാമെൻ റെസ്റ്റോറന്റായ ഡെബു-ചാൻ ആണ് ഭക്ഷണം കഴിക്കുമ്പോൾ ഉപഭോക്താക്കളെ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
ഹോട്ടലിൽ തിരക്കുള്ള സമയങ്ങളിൽ ഭക്ഷണം കഴിക്കുമ്പോൾ ഉപഭോക്താക്കൾ അവരുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനാണ് തീരുമാനം. ഫോൺ മാറ്റിവെച്ചാൽ ആളുകൾ പെട്ടന്ന് ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകും. അപ്പോൾ അവിടെ കാത്തിരിക്കുന്ന മറ്റുള്ളവർക്കും വേഗത്തിൽ ഭക്ഷണം കഴിക്കാമെന്നാണ് റെസ്റ്റോറന്റ് ഉടമകൾ പറയുന്നത്.
''ഒരിക്കൽ, ഹോട്ടലിൽ ഏറെ തിരക്കുള്ള സമയമാണ്.. ഭക്ഷണം ടേബിളിൽ കൊണ്ടുവെച്ച് നാല് മിനിറ്റ് കഴിഞ്ഞിട്ടും ഉപഭോക്താവ് ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നില്ല. ഭക്ഷണം കൊണ്ടുവെച്ചാലും പലരും ഫോണിൽ നിന്ന് കണ്ണെടുക്കുകയില്ല. അവർ വീഡിയോ കാണുന്ന തിരക്കിലായിരിക്കും..അപ്പോഴേക്കും കൊണ്ടുവെച്ച ഭക്ഷണം തണുത്തിരിക്കുമെന്നും' റെസ്റ്റോറന്റ് ഉടമ കോട്ട കായ് പറയുന്നു. വിളമ്പുന്ന ന്യൂഡിൽസിന് ഒരു മില്ലിമീറ്റർ വീതി മാത്രമേയുള്ളൂ, അത് കഴിക്കാൻ വൈകുന്നത് ഭക്ഷണം തണുക്കാനും രുചി നഷ്ടപ്പെടാനും കാരണമാകുമെന്നും ഉടമ പറയുന്നു. ഏതായാലും ഫോൺവിലക്ക് ജപ്പാനിലെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്.