ഗസ്സയില്‍ വെടിനിര്‍ത്തല്‍ വേണം; സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്കു മുന്നില്‍ അണിനിരന്ന് നൂറുകണക്കിന് ജൂതന്‍മാര്‍

ജ്യൂയിഷ് വോയിസ് ഓഫ് പീസിന്‍റെ നേതൃത്വത്തില്‍ നൂറുകണക്കിന് ജൂതന്‍മാര്‍ ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

Update: 2023-11-07 06:13 GMT
Editor : Jaisy Thomas | By : Web Desk

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക് മുന്നില്‍ നടന്ന പ്രതിഷേധം

Advertising

ന്യൂയോര്‍ക്ക്: ഗസ്സയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യം ലോകമെമ്പാടും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ നരഹത്യയില്‍ പ്രതിഷേധിച്ച് ലോകവ്യാപകമായി പ്രകടനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ജ്യൂയിഷ് വോയിസ് ഓഫ് പീസിന്‍റെ നേതൃത്വത്തില്‍ നൂറുകണക്കിന് ജൂതന്‍മാര്‍ ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

'വെടിനിര്‍ത്തല്‍ വേണം', 'ലോകം മുഴുവന്‍ വീക്ഷിക്കുന്നു' എന്നെഴുതിയ വലിയ ബാനറുകളുമായി ആക്ടിവിസ്റ്റുകള്‍ പ്രതിമയുടെ പീഠത്തില്‍ നില്‍ക്കുകയും ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മാൻഹട്ടനിലെ ഗ്രാൻഡ് സെൻട്രൽ ടെർമിനലിലും വാഷിംഗ്ടണിലെ ക്യാപിറ്റോൾ ഹില്ലിലെ കാനൻ ഹൗസ് ഓഫീസ് ബിൽഡിംഗിലും കഴിഞ്ഞ ആഴ്ചകളിൽ സമാനമായ പ്രകടനങ്ങൾ നടത്തിയ സംഘടന ന്യൂയോര്‍ക്കിലെ പ്രകടനത്തിൽ 500 പേർ പങ്കെടുത്തതായി പറഞ്ഞു.വർണവിവേചനത്തിന്‍റെ ഒരു രൂപമെന്ന നിലയിൽ ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ സർക്കാരിന്‍റെ നയങ്ങളെ ജൂതന്മാരുടെ നേതൃത്വത്തിലുള്ള സംഘടന എതിർക്കുന്നുണ്ട്.

"ഫലസ്തീനികളെപ്പോലെ, ഞങ്ങളുടെ പൂർവ്വികരിൽ പലരും സ്വതന്ത്രമായി ശ്വസിക്കാൻ ആഗ്രഹിച്ചിരുന്നു," പത്തൊൻപതാം നൂറ്റാണ്ടിലെ ജൂത-ആക്ടിവിസ്റ്റ് കവി എമ്മ ലാസറസ് രചിച്ച സോനെറ്റിൽ നിന്നുള്ള വരികളെ ഉദ്ധരിച്ചുകൊണ്ട് ജ്യൂയിഷ് വോയിസ് ഓഫ് പീസ് എക്സില്‍ കുറിച്ചു. എന്നാല്‍ പ്രകടനത്തില്‍ അറസ്റ്റുണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 4,000 ത്തിലധികം കുട്ടികളടക്കം 10,000 കവിഞ്ഞതായി ഗസ്സ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം.അതേസമയം ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News