'ആളുകളോട് ദയയോടെ പെരുമാറുക': ഓസ്‌കർ വേദിയിൽ അവതാരകന്റെ പരിഹാസത്തിന് മലാലയുടെ മറുപടി വൈറലാകുന്നു
വേദിയിലുണ്ടായിരുന്നുവരെല്ലാം നിറകയ്യടിയോടെയാണ് മറുപടി സ്വീകരിച്ചത്
ഓസ്‌കർ വേദിയിൽ അവതാരകന്റെ പരിഹാസത്തിന് നോബേൽ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മലാല യൂസഫ്‌സായി നൽകിയ മറുപടി വൈറലാകുന്നു. അവതാരകൻ ജിമ്മി കിമ്മലിന്റെ സ്പിറ്റ് ഗേറ്റ് ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്ന മലാലയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.
ഏറെ ചർച്ചയായതാണ് ക്രിസ് പൈൻ-ഹാരി സ്റ്റൈൽസ് എന്നിവരുമായി ബന്ധപ്പെട്ടുള്ള സ്പിറ്റ്‌ഗേറ്റ് വിവാദം. ഡോൺഡ് വറി ഡാർലിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ഹാരി ക്രിസ് പൈനിന് മേൽ തുപ്പി എന്നതായിരുന്നു വിവാദം. ഓസ്‌കർ വേദിയിൽ ഇതിനെ സംബന്ധിച്ചാണ് ജിമ്മി മലാലയോട് പരിഹാസരൂപേണ ചോദ്യമുന്നയിച്ചത്. മനുഷ്യാവകാശത്തിനും സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസത്തിനുമായി പോരാടുന്ന നിങ്ങൾ ഒരു പ്രചോദനമാണെന്നും ഏറ്റവും പ്രായം കുറഞ്ഞ നോബേൽ പുരസ്‌കാര ജേതാവെന്ന നിലയിൽ ക്രിസ് പൈനിന് മേൽ ഹാരി സ്റ്റൈൽസ് തുപ്പി എന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നുമായിരുന്നു ജിമ്മിയുടെ ചോദ്യം.
ചോദ്യത്തിന് 'ഞാൻ സമാധാനത്തെ കുറിച്ച് മാത്രമേ സംസാരിക്കൂ' എന്നായിരുന്നു മലാലയുടെ മറുപടി. വേദിയിലുണ്ടായിരുന്നുവരെല്ലാം നിറകയ്യടിയോടെയാണ് മറുപടി സ്വീകരിച്ചത്. ഇതിന് പിന്നാലെ ഹാരി സ്റ്റൈൽസിന്റെ പ്രശസ്ത ഗാനം 'ട്രീറ്റ് പീപ്പിൾ വിത് കൈൻഡ്‌നെസ്സ്' എന്ന പാട്ട് ഉദ്ധരിച്ച് ആളുകളോട് ദയാപൂർവം പെരുമാറുക എന്ന് കുറിച്ച് സംഭവത്തിന്റെ വീഡിയോ മലാല റീട്വീറ്റ് ചെയ്യുകയും ചെയ്തു.