2024ലെ യു.എസ് തെരഞ്ഞെടുപ്പ്: ബൈഡനും കമല ഹാരിസും വീണ്ടും മത്സരിക്കും

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡൻ

Update: 2023-04-26 03:00 GMT
Advertising

വാഷിങ്ടണ്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജോ ബൈഡൻ. വിഡിയോയിലൂടെയാണ് സ്ഥാനാർഥിയാകുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് കമല ഹാരിസും വീണ്ടും മത്സരിക്കും.

2021 ജനുവരിയില്‍ ട്രംപ് അനുകൂലികള്‍ ക്യാപ്പിറ്റൾ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയില്‍ ബൈഡന്‍ പറയുന്നതിങ്ങനെ- "നാലു വർഷം മുൻപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, അമേരിക്കയുടെ ആത്മാവിനായുള്ള പോരാട്ടമാണിതെന്നു ഞാൻ പറഞ്ഞു. ഇത് അലംഭാവത്തോടെ ഇരിക്കേണ്ട സമയമല്ല. അതിനാലാണ് ഞാൻ വീണ്ടും മത്സരിക്കുന്നത്. നമുക്കിത് പൂര്‍ത്തിയാക്കണം. ആ പോരാട്ടം നമ്മള്‍ തുടരുകയാണ്. സ്ത്രീകളുടെ ആരോഗ്യം, ജനാധിപത്യ സംരക്ഷണം, സാമൂഹ്യ സുരക്ഷ എന്നിവയാണ് 2024ലെ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയങ്ങള്‍".

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് 80കാരനായ ജോ ബൈഡൻ. ബൈഡന്‍റെ പ്രായം ഒരു പ്രശ്നമല്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ വൈദ്യപരിശോധനയിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മദ്യപിക്കാത്ത, വ്യായാമം ചെയ്യുന്ന ബൈഡന്‍ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. അതേസമയം ഏപ്രിൽ 19നു റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ സർവേയിൽ ബൈഡന്റെ ജനപിന്തുണ 39 ശതമാനത്തില്‍ തന്നെ നില്‍ക്കുകയാണ്.

1969നു ശേഷം ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ എന്ന നേട്ടം കൈവരിക്കാന്‍ ബൈഡന് കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഉയർന്ന നാണയപ്പെരുപ്പം വെല്ലുവിളിയാണ്. റിപബ്ലിക്കൻ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുമെന്നു മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചിട്ടുണ്ട്. 


Summary- Joe Biden to contest in 2024 US president election. He Releases 2024 Campaign With Vice President Kamala Harris 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News