വൈറ്റ് ഹൗസിൽ വീണ്ടും മംഗല്യം; ഇത്തരമൊരു കല്യാണം ഇതാദ്യം
വൈറ്റ് ഹൗസിന്‍റെ ചരിത്രത്തിലെ 19ാമത് വിവാഹമാണിതെങ്കിലും മറ്റൊരു പ്രത്യേകത കൂടി ഇതിനുണ്ട്.
വീണ്ടുമൊരു വിവാഹത്തിന് വേദിയാകാനെുരുങ്ങി യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. പ്രസിഡന്‍റ് ജോ ബൈഡന്‍റെ കൊച്ചുമകളുടെ വിവാഹമാണ് ഇത്തവണ വൈറ്റ് ഹൗസിൽ നടക്കാൻ പോവുന്നത്. വൈറ്റ് ഹൗസിന്‍റെ ചരിത്രത്തിലെ 19ാമത് വിവാഹമാണിതെങ്കിലും മറ്റൊരു പ്രത്യേകത കൂടി ഇതിനുണ്ട്.
ഇതാദ്യമായാണ് ഒരു പ്രസിഡന്‍റിന്‍റെ പേരക്കുട്ടിയുടെ വിവാഹം വൈറ്റ് ഹൗസിൽ നടക്കുന്നത്. ഇതുവരെ നടന്ന 18 വിവാഹവും പ്രസിഡന്‍റിന്‍റെ മക്കളുടേതായിരുന്നു. ജോ ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡന്‍റെ മകൾ നൊവാമി (28)യാണ് വിവാഹിതയാവുന്നത്. 25കാരനായ നീൽ ആണ് വരൻ.
വരുന്ന ശനിയാഴ്ച വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ വച്ചാണ് ഇരുവരുടേയും വിവാഹം. നൊവാമി അഭിഭാഷകയും നീൽ പെനിസിൽവാനിയ ലോ സ്കൂളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ആളുമാണ്. വാഷിങ്ടണിൽ നാല് വർഷമായി ഒരുമിച്ച് കഴിയുകയായിരുന്നു ഇരുവരും.
കൊച്ചുമകളുടെ വിവാഹത്തിൽ ഏറെ സന്തോഷവതിയാണെന്ന് പ്രഥമ വനിത ജിൽ ബൈഡൻ പ്രതികരിച്ചു. വിവാഹത്തിന്‍റെ ആഘോഷപരിപാടികൾ ആസൂത്രണം ചെയ്യുകയാണെന്നും അവർ പറഞ്ഞു. 1967ൽ മുൻ പ്രസിഡന്റ് ലിൻഡൻ ബി ജോൺസണിന്റെ മകൾ ലിൻഡയുടേയും 1971ൽ റിച്ചാർഡ് നിക്സണിന്റെ മകൾ ട്രിഷ്യയുടേയും വിവാഹം നടന്നത് വെറ്റ് ഹൗസിലായിരുന്നു.
അതേസമയം, മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇളയ മകൾ ടിഫാനി വിവാഹിതയായി. ബിസിനസുകാരനായ മൈക്കിൾ ബൗലോസ് ആണ് വരൻ. ഫ്ലോറിഡയിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള പാം ബീച്ചിലെ മാർ എ ലാഗോയിലായിരുന്നു വിവാഹ ചടങ്ങ്.
സഹോദരി ഇവാൻകയും ഭർത്താവ് ജാരദ് കുഷ്നറും കുട്ടികളും ട്രംപിന്റെ ഭാര്യ മെലാനിയയും മകൻ എറികും ചടങ്ങിനെത്തിയിരുന്നു. ട്രംപിന്റെ നാലാമത്തെ മകളാണ് ടിഫാനി. മരിയ മാപ്ൾസ് ആണ് അമ്മ. 2018ലാണ് ടിഫാനി ബൗലോസുമായി പ്രണയത്തിലായത്.