മോദിയെ 'റോസ്റ്റ്' ചെയ്ത് ജോൺ ഒലിവർ; ഷോയില്‍ എടുത്തുപറഞ്ഞ് മീഡിയവണ്‍ നിരോധനവും- പ്രക്ഷേപണം ചെയ്യാതെ ജിയോ സിനിമ
രാജ്യത്തെ മാധ്യമവേട്ടയെ കുറിച്ചു പറഞ്ഞാണ് മീഡിയവണ്‍ നിരോധനത്തെ 'ലാസ്റ്റ് വീക്ക് ടുനൈറ്റ്' ഷോയില്‍ വിശദമായി പ്രതിപാദിക്കുന്നത്. മോദി യുക്രൈൻ യുദ്ധം നിർത്തിച്ചെന്ന അവകാശവാദങ്ങളെ കണക്കറ്റ് പരിഹസിക്കുകയും ഇന്ത്യയിൽ പിടിമുറുക്കുന്ന ഇസ്‌ലാമോഫോബിയയും വിദ്വേഷ രാഷ്ട്രീയവുമെല്ലാം വിശകലനം ചെയ്യുന്നുമുണ്ട് വിഡിയോയില്‍
വാഷിങ്ടൺ/ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'റോസ്റ്റ്' ചെയ്ത് ബ്രിട്ടീഷ്-അമേരിക്കൻ സ്റ്റാൻഡ് അപ്പ് കൊമേഡിയനും ടെലിവിഷൻ അവതാരകനുമായ ജോൺ വില്യം ഒലിവർ. അദ്ദേഹത്തിന്റെ പ്രശസ്തമായ 'ലാസ്റ്റ് വീക്ക് ടുനൈറ്റ്' എന്ന വാരാന്ത്യ പരിപാടിയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മോദിയുടെയും ബി.ജെ.പിയുടെയും ഏകാധിപത്യ, ഹിന്ദുത്വ നയങ്ങളെ വിമർശനവിധേയമാക്കുന്നത്. മീഡിയവണ്‍ നിരോധനത്തെ കുറിച്ചും ഒലിവര്‍ ഷോയില്‍ സംസാരിക്കുന്നുണ്ട്. രാജ്യത്തെ മാധ്യമവേട്ടയെ കുറിച്ച് പറയുമ്പോഴായിരുന്നു ബി.ബി.സിക്കും എന്‍.ഡി.ടി.വിക്കുമൊപ്പം മീഡിയവണിനെതിരായ നടപടിയും എടുത്തുപറഞ്ഞത്.
രാജ്യത്ത് പിടിമുറുക്കുന്ന ഇസ്‍ലാമോഫോബിയയെയും ബുൾഡോസർ രാജിനെയുമെല്ലാം വിഡിയോയിൽ വിമർശിക്കുന്നുണ്ട്. അമേരിക്കൻ ടെലിവിഷനായ 'എച്ച്.ബി.ഒ' സംപ്രേഷണം ചെയ്യുന്ന ഷോ ഇന്ത്യൻ പങ്കാളികളായ ജിയോ സിനിമ ഇതുവരെയും പ്രക്ഷേപണം ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Indian Elections, Trump & Red Lobster എന്ന തലവാചകത്തോടെയുള്ള ഇന്ന് എച്ച്.ബി.ഒ സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് മോദിയെ ജോൺ ഒലിവർ നിർത്തിപ്പൊരിക്കുന്നത്. ഇന്ത്യയിൽ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളും ആക്രമണങ്ങളും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്തിടെ ഹരിയാനയിൽ ഉൾപ്പെടെ നടന്ന മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വർഗീയ കലാപങ്ങളുടെയും പാതയോരത്ത് നമസ്‌കരിക്കുന്ന മുസ്‌ലിംകളെ ഡൽഹി പൊലീസ് ചവിട്ടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങളും ഇതിനു തെളിവായി ചേർത്തിട്ടുണ്ട്.
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞാണ് ഒലിവർ മീഡിയവൺ നിരോധനത്തെ കുറിച്ചു സംസാരിക്കുന്നത്. മോദിക്കെതിരായ വിമർശനങ്ങളെയെല്ലാം അടിച്ചമർത്തുന്ന പ്രവണതയാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബി.ബി.സി ഓഫീസിൽ റെയ്ഡ് നടത്തി. സർക്കാരിനെ വിമർശിച്ചു വാർത്ത നൽകിയിരുന്ന എൻ.ഡി.ടി.വി സ്ഥാപകരുടെ വീടുകളിൽ റെയ്ഡ് നടന്നു. മോദിയുമായി അടുത്ത ബന്ധമുള്ള ഒരു ശതകോടീശ്വരൻ പിന്നീട് ഇതേ ചാനൽ സ്വന്തമാക്കി. എൻ.ഡി.ടി.വി സർക്കാരിന് അനുകൂലമായ തരത്തിൽ വാർത്ത നൽകിത്തുടങ്ങുകയും ചെയ്തു. മോദിയെ വിമർശിച്ചാൽ കാര്യങ്ങൾ അത്ര ശുഭകരമായിരിക്കില്ല എന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ 180 രാജ്യങ്ങളിൽ ഇന്ത്യ 159-ാം സ്ഥാനത്താണെന്നതിൽ അത്ഭുതമില്ല. ദേശീയ മാാധ്യമങ്ങളുടെ മാത്രം അവസ്ഥയല്ല ഇത്. പ്രാദേശിക ചാനലുകളും വേട്ടയാടപ്പെട്ടു. 2022ൽ കേരളത്തിൽനിന്നുള്ള ചാനലിന്റെ(മീഡിയവൺ) സംപ്രേഷണം സർക്കാർ പെട്ടെന്നൊരു ദിവസം തടഞ്ഞുവച്ചു. വ്യക്തമായും ചാനലിന്റെ ഉള്ളടക്കമായിരുന്നു കാരണം. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച്, 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തിലെ റിപ്പോർട്ടാണ് വിലക്കിനിടയാക്കിയത്. ഡൽഹി പൊലീസിനെയും ഹിന്ദു ദേശീയ സംഘമായ ആർ.എസ്.എസിനെയും വിമർശിച്ചും പക്ഷപാതപരമായുമാണ് മീഡിയവൺ വാർത്ത റിപ്പോർട്ട് ചെയ്തതെന്നുമാണു കാരണം പറഞ്ഞത്. നിരോധനം പെട്ടെന്നു തന്നെ നീക്കുകയും ചാനൽ സംപ്രേഷണം പുനരാരംഭിക്കുകയും ചെയ്തു. ഇതിലൂടെയെല്ലാം നൽകുന്ന സൂചന വളരെ കൃത്യമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ജെയ്പൂർ-മുംബൈ എക്‌സ്പ്രസ് ട്രെയിനിൽ മൂന്ന് മുസ്‌ലിംകളെ ചേതൻ ചൗധരി എന്ന ആർ.പി.എഫ് കോൺസ്റ്റബിൾ വെടിവച്ചു കൊന്ന സംഭവവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ബുൾഡോസർ രാജുമെല്ലാം ജോണ്‍ ഒലിവര്‍ സൂചിപ്പിക്കുന്നു. ഇതെല്ലാം മോദി സർക്കാരിന്റെ പ്രത്യേകതയായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന മോദിയുടെ ശീലത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. മോദി യുക്രൈൻ യുദ്ധം നിർത്തിച്ചെന്ന തരത്തിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്ത 'വാർ റുക്‌വാ ദീ പാപ്പ' എന്ന പരസ്യ വിഡിയോ ആണു ഒരു തെളിവായി ഉദ്ധരിക്കുന്നത്. ഗെയിം കളിക്കുമ്പോൾ യുദ്ധം നിർത്തിച്ചതിനെ കുറിച്ചാണോ മോദി പറയുന്നതെന്നായിരുന്നു ജോൺ ഒലിവറിന്റെ പരിഹാസം.
പ്രോഗ്രാമിന്റെ പൂർണരൂപം യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ ഇന്ത്യയിൽ കാണാനാകുന്നില്ല. തിങ്കളാഴ്ച പ്രക്ഷേപണം ചെയ്യുന്ന വിഡിയോ വ്യാഴാഴ്ചകളിലായിരിക്കും യൂട്യൂബിൽ ലഭ്യമാകുക എന്ന വിശദീകരണവുമുണ്ട്. എച്ച്.ബി.ഒയുടെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ കൂട്ടാൻ വേണ്ടിയാണ് യൂട്യൂബിലെ നയംമാറ്റമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ, ഈ വിഡിയോ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുമെന്ന് തനിക്ക് അറിയില്ലെന്ന് ജോൺ ഒലിവർ പരിപാടിയിൽ തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. യൂട്യൂബിലെ നിയമങ്ങൾ ഉപയോഗിച്ച് വിഡിയോ അപ്ലോഡ് ചെയ്യുന്നതു തടയാൻ ശ്രമിച്ചേക്കുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ ഷോ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ oppositesnakes.com, howtoeatmangoes.com എന്നീ വെബ്‌സൈറ്റുകളിൽ പോയി നോക്കാൻ പറഞ്ഞാൽ മതിയെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്യുന്നുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലെ മാങ്ങയെ കുറിച്ചുള്ള പരാമർശങ്ങൾ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു റോസ്റ്റിങ്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും മോദിയെയും പൗരത്വ ഭേദഗതി നിയമത്തെയും വിമർശിച്ച് ലാസ്റ്റ് വീക്ക് ടുനൈറ്റിൽ അദ്ദേഹം പ്രോഗ്രാം ചെയ്തിരുന്നു. ഗുജറാത്ത് കലാപവും വിഡിയോയിൽ അദ്ദേഹം പരാമർശിച്ചു. അന്ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാർ ആയിരുന്നു എച്ച്.ബി.ഒയുടെ ഇന്ത്യൻ പങ്കാളി. എന്നാൽ, ഈ വിഡിയോ ഹോട്‌സ്റ്റാർ സംപ്രേഷണം ചെയ്തില്ല. ഇതിനെ ജോൺ ഒലിവർ തന്നെ പരസ്യമായി വിമർശിച്ചു. ഏതാനും മാസങ്ങൾക്കുമുൻപാണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറുമായി ജിയോ സിനിമ ലയിക്കുന്നത്. കഴിഞ്ഞ എപ്പിസോഡ് വരെ ലാസ്റ്റ് വീക്ക് ടുനൈറ്റ് പ്രക്ഷേപണം ചെയ്തിരുന്നു.
Summary: John Oliver roasts and criticizes PM Narendra Modi in latest episode of HBO's 'Last Week Tonight'; JioCinema skips to air the show